മുല്ലപ്പെരിയാര്‍ റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന് കേരളം; സുപ്രിം കോടതിയില്‍ എതിര്‍പ്പുയര്‍ത്താന്‍ തമിഴ്നാട്

മുല്ലപ്പെരിയാറില്‍ റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്നാട് സുപ്രിംകോടതിയില്‍ എതിര്‍ക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന റൂള്‍ കര്‍വ് തിരുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെയാണ് തമിഴ്നാട് എതിര്‍ക്കുന്നത്. പുതിയ അണക്കെട്ടാണ് നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന് സത്യവാങ്മൂലത്തിലൂടെ കേരളം സുപ്രിംകോടതിയെ ഇന്നലെത്തന്നെ അറിയിച്ചിരുന്നു. നാളെയാണ് മുല്ലപ്പെരിയായര്‍ വിഷയം സുപ്രിംകോടതി പരിഗണിക്കുക.
നവംബര്‍ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറയ്ക്കണമെന്നാണ് സുപ്രിംകോടതിയില്‍ കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ആവശ്യം. സെപ്റ്റംബര്‍ 20 ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന റൂള്‍ കര്‍വിലെ നിര്‍ദേശം ഭേദഗതി ചെയ്യണമെന്നും കേരളം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേരത്തിന്റെ ഈ ആവശ്യങ്ങള്‍ ശാസ്ത്രീയയുക്തി ഇല്ലാത്തതാണെന്ന് തമിഴ്നാട് സുപ്രിംകോടതിയില്‍ വാദിക്കും.
അതേസമയം മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കുന്ന സുരക്ഷാ പ്രശ്നങ്ങളും ഭീതിയും അഞ്ച് ജില്ലകളിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കേരളത്തിന്റെ നിലപാട്. ഇക്കാര്യം സുപ്രിംകോടതിയെ ബോധിപ്പിക്കാനാണ് കേരളം ശ്രമിക്കുക.

