KSDLIVENEWS

Real news for everyone

യുപിയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച നിലയില്‍

SHARE THIS ON

കസ്ഗഞ്ച് : ഉത്തർപ്രദേശിൽ കസ്ഗഞ്ചിൽ 22-കാരൻ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച നിലയിൽ. ഒരു പെൺകുട്ടിയുമായി ഒളിച്ചോടിയെന്നാരോപിച്ചാണ് പോലീസ് അൽത്താഫ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ യുവാവ് ജാക്കറ്റിലെ ചരടുപയോഗിച്ച് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇതിനെതിരെ മരിച്ച അൽത്താഫിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അഞ്ച് പോലീസുകാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം ചെയ്തെന്ന പരാതിയിലാണ് ചോദ്യം ചെയ്യുന്നതിനായി അൽത്താഫിനെ ചൊവ്വാഴ്ച രാവിലെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്.


അൽത്താഫിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ ശുചിമുറി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് പോലീസ് ശുചിമുറി പരിശോധിച്ചപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഇറ്റാവ പോലീസ് മേധാവി രോഹൻ പ്രമോദ് ബോത്രെ ട്വിറ്ററിൽ പുറത്തിറക്കിയ വീഡിയോ പ്രസ്താവനയിൽ പറയുന്നത്.

അറസ്റ്റ് ചെയ്യുന്ന സമയത്ത് യുവാവ് കറുത്ത ജാക്കറ്റ് ധരിച്ചിരുന്നു. ജാക്കറ്റിന്റെ ഹുഡിൽ ഘടിപ്പിച്ചിരുന്ന ചരട് ശുചിമുറിയിലെ പൈപ്പിൽ ചുറ്റിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് അദ്ദേഹം വിശദീകരിച്ചു. അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പത്തുമിനിറ്റിനുള്ളിൽ മരിക്കുകയായിരുന്നുവെന്ന് പോലീസ് മേധാവി പറഞ്ഞു.


സംഭവത്തിൽ അഞ്ച് പോലീസുകാരെ ഡ്യൂട്ടിക്കിടയിലെ ‘അശ്രദ്ധ’ ആരോപിച്ചാണ് സസ്പെന്റ് ചെയ്തിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പോലീസുകാർക്ക് അൽത്താഫിന്റെ മരണത്തിൽ പങ്കുണ്ടോയെന്ന കാര്യത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് അൽത്താഫിന്റെ കുടുംബം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!