KSDLIVENEWS

Real news for everyone

സണ്ണി ലിയോണിന്റെ കേസില്‍ വഴിത്തിരിവ്; പണം നിക്ഷേപിച്ചത് പരാതിക്കാരനല്ല, മറ്റുചിലരെന്ന് ക്രൈംബ്രാഞ്ച്

SHARE THIS ON

കൊച്ചി: നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിൽ വഴിത്തിരിവ്. കേസിലെ പരാതിക്കാരനായ പെരുമ്പാവൂർ സ്വദേശിയും നടിയും തമ്മിൽ കരാറുകളൊന്നും തയ്യാറാക്കിയിട്ടില്ലെന്നും നടിയുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചത് മറ്റുചിലരാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസിൽ കൂടുതൽ അന്വേഷണം വേണമെന്നും എല്ലാകാര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും ക്രൈംബ്രാഞ്ച് എസ്.പി. ടോമി സെബാസ്റ്റിയൻ പറഞ്ഞു.

39 ലക്ഷം രൂപ വാങ്ങി പരിപാടിയിൽ പങ്കെടുക്കാതെ സണ്ണി ലിയോൺ വഞ്ചിച്ചെന്നായിരുന്നു പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതി. എന്നാൽ പരാതിക്കാരനുമായി സണ്ണി ലിയോൺ കരാറുകളിലൊന്നും ഏർപ്പെട്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പരിപാടിയിൽ പങ്കെടുക്കാമെന്ന് പറഞ്ഞത് വാക്കാൽ മാത്രമാണ്. മാത്രമല്ല, പരാതിക്കാരൻ നടിക്ക് നേരിട്ട് പണം കൈമാറിയിട്ടില്ല. മറ്റുചിലരാണ് സണ്ണി ലിയോണിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചത്. ഇവരാരും പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി നൽകിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് എസ്.പി. പറഞ്ഞു. എന്തുകൊണ്ടാണ് നേരത്തെ നിശ്ചയിച്ച സ്റ്റേജ് ഷോ നടക്കാതിരുന്നതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേസിൽ സണ്ണി ലിയോണിനെതിരാ വഞ്ചനാക്കുറ്റം നിലനിൽക്കുമോ എന്നതും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇരുവിഭാഗത്തിന്റെയും മൊഴികൾ അന്വേഷണസംഘം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

വഞ്ചനാ കേസിൽ സണ്ണി ലിയോണിനെയും ഭർത്താവിനെയും ഇവരുടെ ജീവനക്കാരനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി കഴിഞ്ഞദിവസം തടഞ്ഞിരുന്നു. സണ്ണി ലിയോൺ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്. വേണമെങ്കിൽ മുൻകൂർ നോട്ടീസ് നൽകി ഇവരെ ചോദ്യംചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പെരുമ്പാവൂർ സ്വദേശിയെ വഞ്ചിച്ചെന്ന പരാതി തെറ്റാണെന്നാണ് സണ്ണി ലിയോണിന്റെ പ്രതികരണം. 30 ലക്ഷമാണ് ഫീസെന്നും തുക പൂർണമായി തന്നാലേ പരിപാടി നടത്തൂ എന്നും ആദ്യമേ അറിയിച്ചിരുന്നു. തീയതികളും വേദിയും പലതവണ മാറ്റിയശേഷം ഒടുവിൽ കൊച്ചിയിൽ 2019 ഫെബ്രുവരി 14-ന് പരിപാടി നിശ്ചയിച്ചു. അന്ന് എത്തിയെങ്കിലും തുക മുഴുവൻ നൽകാതെ ഷോ നടത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. അത് അംഗീകരിച്ചില്ല. അത് സിവിൽതർക്കം മാത്രമാണ്. വിശ്വാസവഞ്ചനയുൾപ്പെടെ ക്രിമിനൽ കുറ്റം നിൽക്കില്ല. പരാതിക്കാരന്റെ രാഷ്ട്രീയസ്വാധീനംമൂലം അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കോടതിയെ സമീപിക്കുന്നതെന്നും നടിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!