ഭര്‍ത്താവിനെ കൊല്ലണം, ഭാര്യയുടെ നിര്‍ദേശം; പട്ടാപ്പകല്‍ വെടിയുതിര്‍ത്ത് 23-കാരനായ കാമുകന്‍

ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ കാർ ഡ്രൈവർക്ക് നേരേ വെടിയുതിർത്തത് കൊലപാതകശ്രമമാണെന്ന് പോലീസ്. സംഭവത്തിൽ ഡ്രൈവറുടെ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസമാണ് തെക്കൻ ഡൽഹിയിലെ ഡിഫൻസ് കോളനിയിൽവെച്ച് ചിരാഗ് ഡൽഹി സ്വദേശി ഭീംരാജിന്(45) വെടിയേറ്റത്. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ ഭീംരാജ് ഡൽഹി എയിംസിൽ ചികിത്സയിലാണ്
ഭീംരാജിന്റെ ഭാര്യ ബബിത(41)യുടെ നിർദേശപ്രകാരം ഇവരുടെ കാമുകനായ രോഹനാണ്(23) വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു. ബബിതയും രോഹനും തമ്മിൽ കഴിഞ്ഞ നാല് മാസമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം ഭീംരാജ് അറിഞ്ഞതോടെ ഭാര്യയെ മർദിച്ചു. തുടർന്നാണ് ഭർത്താവിനെ കൊലപ്പെടുത്താൻ ബബിത കാമുകനോട് ആവശ്യപ്പെട്ടത്. ഭർത്താവിനെ ഇല്ലാതാക്കാതെ കാമുകനുമായുള്ള ബന്ധം തുടരാനാകില്ലെന്ന് മനസിലായതോടെയായിരുന്നു ബബിത കൊലപാതകം ആസൂത്രണം ചെയ്തത്.
ബിഎസ്ഇസ് രാജധാനി പവറിലെ കരാർ ഡ്രൈവറായ ഭീംരാജ് കാറിനകത്ത് ഇരിക്കുന്നതിനിടെയാണ് ബൈക്കിലെത്തി രോഹൻ വെടിയുതിർത്തത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഇതിനുശേഷം ഇയാൾ ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് ബൈക്കിന്റെ നമ്പർ പ്ലേറ്റ് ആദ്യം വ്യക്തമായില്ലെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിൽ നമ്പറിനെക്കുറിച്ച് ഏകദേശ ധാരണ ലഭിച്ചു. തുടർന്ന് ഇൻഷൂറൻസ് രേഖകളടക്കം പരിശോധിച്ച് റാണപ്രതാപ് നഗർ സ്വദേശിയിലേക്ക് അന്വേഷണം എത്തി. കമലനഗർ സ്വദേശിയായ ലഖാൻ എന്നയാൾക്ക് ബൈക്ക് വിറ്റതായി ഇയാൾ മൊഴി നൽകി. ലഖാനെ പോലീസ് കണ്ടെത്തിയെങ്കിലും ഇയാളും ബൈക്ക് വിൽപ്പന നടത്തിയെന്നാണ് മൊഴി നൽകിയത്. ഗോവിന്ദ്പുരി സ്വദേശിയായ രോഹനാണ് ബൈക്ക് വിറ്റതെന്നായിരുന്നു ഇയാളുടെ മൊഴി. ഇതിനിടെ, രോഹൻ മറ്റൊരിടത്ത് ബൈക്ക് പാർക്ക് ചെയ്ത് ഹെൽമറ്റുമായി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
എന്നാൽ, ചോദ്യംചെയ്യാനെത്തിയ പോലീസിനെ തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിക്കാനായിരുന്നു രോഹന്റെ ശ്രമം. ഭീംരാജുമായി റോഡിൽ വഴക്കുണ്ടായെന്നും ഇതിന്റെ പ്രതികാരത്തിലാണ് വെടിവെച്ചതെന്നുമായിരുന്നു രോഹൻ പോലീസിനോട് പറഞ്ഞത്. എന്നാൽ രോഹന്റെ ഫോൺ കോളുകൾ പരിശോധിച്ചതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. വിശദമായി ചോദ്യംചെയ്തതോടെ ബബിതയുമായുള്ള ബന്ധവും മറ്റുകാര്യങ്ങളും ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. നാല് മാസമായി ബബിതയുമായി പ്രണയത്തിലാണെന്നും ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ ഭീംരാജ് ബബിതയെ മർദിച്ചെന്നും രോഹൻ പറഞ്ഞു. തുടർന്ന് ബബിത തന്നെയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ തന്നോട് ആവശ്യപ്പെട്ടതെന്നും ഇതനുസരിച്ചാണ് നാടൻ തോക്ക് ഉപയോഗിച്ച് വെടിവെച്ചതെന്നും രോഹൻ പറഞ്ഞു.

