KSDLIVENEWS

Real news for everyone

പാനൂര്‍ കേസ് പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത; ശ്വാസം മുട്ടിച്ചു, ആന്തരികാവയവങ്ങള്‍ക്ക് പരിക്ക്‌

SHARE THIS ON

കണ്ണൂർ: തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മൻസൂർ വധക്കേസ് പ്രതി കൂലോത്ത് രതീഷിന്റെ മരണത്തിൽ ദുരൂഹതയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചന. മരണത്തിന് മുമ്പ് രതീഷിനെ ശ്വാസം മുട്ടിച്ചതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടത്തിന്റ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി

രതീഷിന്റെ ആന്തരികാവയവങ്ങൾക്കടക്കം പരിക്കേറ്റതായും റിപ്പോർട്ടിലുണ്ട്. മൂക്കിന് സമീപത്തായി മുറിവുണ്ട്. ഇത് ഒരു മൽപ്പിടിത്തത്തിൽ സംഭവിച്ചതാകാമെന്നാണ് നിഗമനം. മരണം ആത്മഹത്യയല്ല എന്ന സൂചന നൽകുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങൾ. ഈ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വടകര റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു.

രതീഷ് തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട ചെക്യാട് അരൂണ്ടയിൽ പോലീസിന്റെ വിദഗ്ധപരിശോധന നടത്തി. വിരലടയാളവിദഗ്ധർ, ഫൊറൻസിക് സംഘം, ഡോഗ് സ്ക്വാഡ് എന്നിവർ ശനിയാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ് മോർട്ടം വീഡിയോയിൽ പകർത്തി സൂക്ഷിച്ചിട്ടുണ്ട്.

ചെക്യാട് പഞ്ചായത്തിലെ അരൂണ്ട കുളിപ്പാറയിൽ ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൻ കൊമ്പിലാണ് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ സി.പി.എം. പ്രവർത്തകനായ പുല്ലൂക്കര കൊച്ചിയങ്ങാടി കൂലോത്ത് രതീഷിനെ (36) നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ എട്ടരയോടെ നാദാപുരം ഡിവൈ.എസ്.പി. പി.എ. ശിവദാസ്, വളയം സി.ഐ. പി.ആർ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂറിലേറെ സമയം എടുത്താണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വടകരയിൽനിന്ന് വിരലടയാള വിദഗ്ധരായ ജിജേഷ് പ്രസാദ്, കോഴിക്കോട് റൂറലിലെ ഫോറൻസിക് അസിസ്റ്റന്റ് ഫെബിൻ, ബാലുശ്ശേരിയിലെ ഡോഗ് സ്ക്വാഡ് അംഗങ്ങളും സ്ഥലത്ത് പരിശോധന നടത്തി.

Mathrubhumi Malayalam News
രതീഷിന്റെ മൃതദേഹം കണ്ട സ്ഥലത്ത് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കെ. സുധാകരൻ എം.പി ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ പ്രതിയെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും സുധാകരൻ പറഞ്ഞു. സി.പി.എം. അക്രമത്തിന് നിയമത്തിന്റെ പരിരക്ഷയും പാർട്ടി സഹായവും നൽകുന്നത് പിണറായി വിജയനെപ്പോലുള്ള നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

രതീഷിന്റെ മൃതദേഹം സംസ്കരിച്ചു

പെരിങ്ങത്തൂർ: കഴിഞ്ഞദിവസം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ പുല്ലൂക്കരയിലെ കൂലോത്ത് രതീഷിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രതീഷിന്റെ പേര് പ്രതിപ്പട്ടികയിലുൾപ്പെട്ടിരുന്നു. വടകര താലൂക്കിലെ വളയത്തിനടുത്ത് കൂളിപ്പാറ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചെക്യാട്ട് വാഹനബോഡി നിർമാണ തൊഴിലാളിയായിരുന്നു

വളയം പോലീസിന്റെ മൃതദേഹപരിശോധനയ്ക്കുശേഷം കോഴിക്കോട് മെഡി. കോളേജ് ആസ്പത്രിയിലായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി വരുമ്പോഴാണ് രതീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കെ.സുധാകരൻ പരാതി ഉന്നയിച്ചത്. ഇതോടെ വീണ്ടും വിദഗ്ധമായ മൃതദേഹപരിശോധന നടത്തി രാത്രിയോടെ പുല്ലൂക്കര കൊച്ചിയങ്ങാടിക്കടുത്തുള്ള കൂലോത്ത് വീട്ടിലെത്തിച്ചു.

മൃതദേഹം വൈകീട്ട് അഞ്ചോടെ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. മൃതദേഹമെത്തുന്നതും കാത്ത് എൽ.ഡി.എഫ്. നേതാക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേർ എത്തിയിരുന്നു. രാത്രി പത്തോടെ ശവസംസ്കാരച്ചടങ്ങുകൾ നടത്തി. രതീഷിന്റെ മരണം വളയം പോലീസ് അന്വേഷിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!