ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബി.ജെ.പി എന്ത് ചെയ്തേനെയെന്ന് ഉദ്ധവ് താക്കറെ

മുംബൈ: ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ വിണ്ടും ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബി.ജെ.പി എന്ത് പ്രശ്‌നം ഉന്നയിച്ചാണ് തെരഞ്ഞെടുപ്പുകളെ നേടുകയെന്ന് അദ്ദേഹം ചോദിച്ചു. ഏപ്രില്‍ 12ന് നടക്കുന്ന ഉപതെരഞ്ഞടുപ്പില്‍ കോലാപ്പൂര്‍ നോര്‍ത്ത് സീറ്റില്‍ നിന്നുള്ള മഹാ വികാസ് അഘാഡിയുടെ സ്ഥാനാര്‍ഥി ജയശ്രീ ജാദവിന് വേണ്ടിയുള്ള പ്രചാരണറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ന് രാമനവമിയാണ്. ഇവിടെ ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബി.ജെ.പി രാഷ്ട്രീയത്തില്‍ എന്ത് പ്രശ്‌നമുന്നയിച്ചാണ് പിടിച്ചുനില്‍ക്കുകയെന്ന് എനിക്ക് അത്ഭുതമുണ്ട്. അവര്‍ എപ്പോഴും രാഷ്ട്രീയത്തില്‍ സാമുദായിക പ്രശ്‌നങ്ങളെ മുന്‍നിരയില്‍ നിര്‍ത്തി പ്രശ്നവത്ക്കരിക്കാനാണ് ശ്രമിക്കാറുള്ളത്” – താക്കറെ പറഞ്ഞു.
ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചുവെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞുനടക്കുന്നത് ശരിയല്ലെന്നും ബി.ജെ.പി വ്യാജ ഹിന്ദുത്വത്തെയാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വത്തിന്റെ പേറ്റന്റ് ബി.ജെ.പി യുടെ കൈവശമല്ല ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു. ശിവസേന അധ്യക്ഷന്‍ ബാലാസാഹേബ് താക്കറെയും ഛത്രപതി ശിവാജി മഹാരാജുമാണ് യഥാര്‍ഥ ഹിന്ദുയിസത്തിന്‍റെ വക്താക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

