‘സഖാവിന് ഹൃദയം നിറഞ്ഞ ആശംസകള്‍’; സിപിഎം ദേശീയ ജനറല്‍ സെക്രടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്

ചെന്നൈ: ( 11.04.2022) സീതാറാം യെച്ചൂരിയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. സിപിഎം ദേശീയ ജനറല്‍ സെക്രടറിയായി വീണ്ടും യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് അഭിനന്ദം അറിയിച്ചത്. സഖാവ് യെച്ചൂരിക്ക് ഹൃദയം നിറഞ്ഞ ആശംസകളെന്ന് സ്റ്റാലിന് ട്വിറ്ററില്‍ കുറിച്ചു.
കണ്ണൂരില്‍ നടന്ന പാര്‍ടി കോണ്‍ഗ്രസ് സിപിഎമിനെ കരുത്തുറ്റതാക്കും. ജനാധിപത്യത്തെ സംരക്ഷിക്കാനും മതമൗലികവാദ ശക്തികള്‍ക്കെതിരെ കൂട്ടായ മുന്നേറ്റമാകാനും പാര്‍ടി കോണ്‍ഗ്രസ് ഊര്‍ജമാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും സ്റ്റാലിന് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ആശംസയില്‍ പറഞ്ഞു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമിറ്റിക്കും പൊളിറ്റ് ബ്യൂറോയ്ക്കും സ്റ്റാലിന് അഭിവാദ്യങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത് സ്റ്റാലിന് പ്രസംഗിച്ചിരുന്നു. സെമിനാറില്‍ പങ്കെടുക്കുന്നത് നിങ്ങളില്‍ ഒരാളായാണ്. ആവേശത്തോടെയാണ് സെമിനാറിലേക്ക് എത്തിയത്. കമ്യൂനിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേര് തന്നെ തെളിവെന്നും സ്റ്റാലിന് പറഞ്ഞു.
സെമിനാറില്‍ ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവും സ്റ്റാലിന് നടത്തി. നാനാത്വം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. ബ്രിടീഷുകാര്‍ പോലും നടപ്പാക്കാത്ത നയമാണ് കേന്ദ്രത്തിന്റേതെന്നും സ്റ്റാലിന് കുറ്റപ്പെടുത്തി.
പിണറായിയുമായുള്ള ഉറ്റബന്ധവും എടുത്തുപറഞ്ഞു. ഇന്‍ഡ്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്. മതേതരത്വത്തിന്റെ മുഖാണ് അദ്ദേഹം. ഭരണത്തില്‍ പിണറായി തനിക്ക് വഴികാട്ടിയെന്നും സ്റ്റാലിന് ജനക്കൂട്ടത്തോട് പറഞ്ഞു.

