ഡൽഹിയിൽ വീശിയടിച്ച് പൊടിക്കാറ്റ്, മരങ്ങൾ കടപുഴകി വീണു, ഗതാഗതം തടസ്സപ്പെട്ടു; ജാഗ്രതാ നിർദേശം

ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച് ശക്തമായ പൊടിക്കാറ്റ്. മാണ്ഡി ഹൗസ്, ഡൽഹി ഗേറ്റ് തുടങ്ങി രാജ്യതലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിൽ മരശിഖരങ്ങൾ വീണു. ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് മൂടിയതിനാൽ വിമാന സർവീസുകളെ ഉൾപ്പെടെ ബാധിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മോശം കാലാവസ്ഥയെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം ഡൽഹി വിമാനത്താവളത്തിൽ 15 ലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ചില വിമാനങ്ങളുടെ സർവീസുകൾ തടസ്സപ്പെട്ടു. പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് ഡിഐഎഎൽ അറയിച്ചു. ഡൽഹിയിലും ജയ്പുരിലും പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ടെന്നും ഇത് ടേക്ക് ഓഫുകളെയും ലാൻഡിങുകളെയും ബാധിക്കാൻ സാധ്യതയുണ്ടെന്നും ഇൻഡിഗോയും അറിയിച്ചു.
കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം കണക്കിലെടുത്ത്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നഗരത്തിൽ രാത്രി 9 മണി വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഹരിയാണ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് മിതമായതോ ശക്തമോ ആയ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറയിപ്പ് നൽകി.
തുറസ്സായ സ്ഥലങ്ങളിൽ താമസിക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ആലിപ്പഴ വർഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതും കന്നുകാലികളെ കെട്ടുന്നതും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

