കോടതികള്‍ ലക്ഷ്മണരേഖ ലംഘിക്കരുത്; രാജ്യദ്രോഹക്കുറ്റത്തില്‍ കോടതിവിധിക്കു പിന്നാലെ അതൃപ്തിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസ് താത്ക്കാലികമായി മരവിപ്പിച്ച സുപ്രീംകോടതി വിധിയില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കോടതിയെയും കോടതിയുടെ സ്വാതന്ത്ര്യത്തെയും മാനിക്കുന്നുണ്ടെങ്കിലും ലക്ഷ്മണരേഖ ലംഘിക്കരുതെന്നും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു.
സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് കിരണ്‍ റിജിജുവിന്റെ പ്രതികരണം. ”പ്രധാനമന്ത്രിയുടെ ഉദ്ദേശ്യം എന്താണെന്ന് കോടതിയെ അറിയിക്കുകയും ഞങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കോടതിയെയും കോടതിയുടെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ മാനിക്കുന്നുണ്ട്. എന്നാല്‍, എല്ലാവരും മാനിക്കേണ്ട ഒരു ലക്ഷ്മണരേഖയുണ്ട്. അത് നമ്മള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണഘടനാ വകുപ്പുകളും നിലവിലെ നിയമങ്ങളുമെല്ലാം മാനിക്കുന്നുണ്ടെന്ന കാര്യവും ഉറപ്പാക്കേണ്ടതുണ്ട്.”- റിജിജു മാധ്യമങ്ങളോട് പറഞ്ഞു.
കോടതി സര്‍ക്കാരിനെയും നിയമനിര്‍മാണ സഭയെയും മാനിക്കണം, തിരിച്ച് സര്‍ക്കാരും കോടതിയെ മാനിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഇവിടെ കൃത്യമായ അതിര്‍ത്തികളും ലക്ഷ്മണരേഖകളുമെല്ലാമുണ്ട്. അത് ആരും ലംഘിക്കരുതെന്നും കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതിയുടെ വിധി തെറ്റാണെന്ന് വിശ്വസിക്കുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഇന്ന് രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച് ഉത്തരവിറക്കിയത്. രാജ്യദ്രോഹനിയമ പ്രകാരം പുതിയ കേസെടുക്കുന്നത് തടഞ്ഞ കോടതി ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നിയമം പുനഃപരിശോധിക്കുന്നതുവരെയാണ് ഉത്തരവ്. നിലവിലുള്ള കേസുകളില്‍ ജയിലിലുള്ളവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാം.
രാജ്യദ്രോഹക്കേസില്‍ 13,000ത്തോളം പേര്‍ ജയിലിലുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. രാജ്യദ്രോഹക്കേസുകള്‍ മരവിപ്പിക്കരുതെന്ന് കേന്ദ്രം കോടതിയെ അറിയിക്കുകയും ചെയ്തു. നേരത്തെയുള്ള കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതികളാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ തള്ളിയാണ് സുപ്രീംകോടതിയുടെ ചരിത്രവിധി.

