രാജ്യദ്രോഹ നിയമം: പ്രതികള്‍ക്ക് ജാമ്യത്തിന് അപേക്ഷിക്കാം, പുതിയ കേസുകള്‍ പാടില്ലെന്നും കോടതി

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് രണ്ട് പ്രധാന ഭാഗങ്ങള്‍. പുതിയതായി 124എ പ്രകാരം ഒരു കേസും രജിസ്റ്റര്‍ ചെയ്യരുതെന്ന് നിർദേശിച്ച കോടതി, ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കുമാണ് ഇതു സംബന്ധിച്ച് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യത്തിന് അപേക്ഷിക്കാം.
കേന്ദ്ര സര്‍ക്കാരിന്റെ പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഏതെങ്കിലും കേസുകളില്‍ 124എ പ്രകാരമുള്ള വകുപ്പ് ചുമത്തിയാല്‍ അത്തരം കേസുകളില്‍ ജാമ്യം ആവശ്യപ്പെട്ട് പ്രതികള്‍ക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാമെന്നതാണ് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും മരവിപ്പിച്ചതിലൂടെ ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കുന്നത്.
നിയമം പുനഃപരിശോധിക്കുന്നതുമായി കേന്ദ്രം മുന്നോട്ട് പോകുന്നതിനാല്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസിലേയും നടപടി കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. കുറ്റകൃത്യം കണ്ടെത്തിയാല്‍ വകുപ്പ് ചുമത്താന്‍ പോലീസിന് അധികാരമുണ്ട്. എസ്പിയോട് ഉള്‍പ്പെടെ ആലോചിച്ചാണ് 124എ ചുമത്തുന്നത്. അതിനാല്‍ സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പുനഃപരിശോധന എത്രകാലം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിവേഗത്തില്‍ നടപടി പൂര്‍ത്തിയാക്കുമെന്നാണ് സൂചന

