KSDLIVENEWS

Real news for everyone

യുഎസ് സൈനിക താവളങ്ങളിൽ ഇറാന്റെ ആക്രമണം; ഗൾഫ് മേഖലയിലെ കേന്ദ്രങ്ങൾ ലക്ഷ്യം; കുവൈത്ത് വ്യോമപാത അടച്ചു

SHARE THIS ON

ടെഹ്റാന്‍: പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്കു നേരെ ഇറാന്റെ ആക്രമണം. യുഎസ് ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ അധികൃതർ പറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസവും ഇറാന്റെ വിവിധ ഇടങ്ങളിൽ യുഎസ് ആക്രമണം നടത്തി. സംഘർഷത്തെ തുടർന്ന് കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു.

യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള എല്ലാത്തരം ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു. ഹോർമുസിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്കുനേരെ വെടിവയ്ക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ബഹ്റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് കോർ അറിയിച്ചു.

അമേരിക്ക കൂടുതൽ ആക്രമണം നടത്തിയാൽ ‘അതിക്രൂരവും നിർണായകവുമായ’ പ്രതികരണം നടത്താൻ തയാറാണെന്ന് ഐആർജിസി അറിയിച്ചതായി മാധ്യമങ്ങൾ പറയുന്നു. അൽ–അസ്റഖിനു നേർക്കുള്ള ആക്രമണത്തിൽ ദീർഘദൂര മിസൈലുകൾ ആണ് ഉപയോഗിച്ചതെന്ന് ഐആർജിസി പറഞ്ഞു.

ജോർദാനിലെ യുഎസ് താവളമായ അൽ–അസ്റഖിനു നേരെയും ഐആർജിസി മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഫ്–35 ഹാങ്ങറുകളും കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രവും ആക്രമിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

error: Content is protected !!