വീണ്ടും തീക്കളി; ഇറാനിൽ യുഎസ് വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചു

ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ ഇറാനിലെ വിവിധ നഗരങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. ഇതിന് തിരിച്ചടിയായി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. ഈ മേഖലയിലൂടെയുള്ള എണ്ണക്കപ്പലുകൾ ഉൾപ്പെടെയുള്ള എല്ലാ ഗതാഗതവും തടയുമെന്ന് ഇറാൻ സൈനിക കമാൻഡ് അറിയിച്ചു. ഇറാനിലെ സിരിക് (Sirik), മിനാബ് (Minab) എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, ഗോർഗൻ എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ പ്രകോപനങ്ങൾക്കുള്ള മറുപടിയായാണ് ഈ ആക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും ഇത് ഇനിയും തുടരുമെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി. ‘ഞങ്ങൾ ഇന്നലെ അവരെ ശക്തമായി ആക്രമിച്ചു, ഇന്നും അത് തുടരും’ എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചത്. ഒരു പുതിയ കരാറിൽ ഒപ്പിടാൻ ഇറാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചാണ് ഇറാൻ പ്രതികരിച്ചത്. കടലിടുക്ക് ലംഘിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ വിലക്ക് ലംഘിച്ച് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകളെ ഇറാൻ റവല്യൂഷണറി ഗാർഡ് ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ കപ്പൽ ഗതാഗതം ഇപ്പോഴും തടസ്സമില്ലാതെ തുടരുന്നു എന്നാണ് അമേരിക്കൻ അവകാശവാദം.
ആക്രമണം നിർത്താൻ ഇറാൻ ഉദ്യോഗസ്ഥർ തന്നോട് നേരിട്ട് ആവശ്യപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാൻ ഈ വാദം പൂർണ്ണമായും നിഷേധിക്കുകയും ഇത് ട്രംപിന്റെ വ്യാജ പ്രചരണമാണെന്ന് ആരോപിക്കുകയും ചെയ്തു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇരുരാജ്യങ്ങളും സൈനിക സംഘർഷത്തിലേക്ക് നീങ്ങിയതോടെ ആഗോള ഊർജ്ജ വിതരണത്തെയും സമുദ്ര വ്യാപാരത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

