മാതാവിനൊപ്പം സഞ്ചരിക്കവെ സ്കൂട്ടർ ഗുഡ്സ് ഓട്ടോയിലിടിച്ചു; നാലുവയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു: ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ച സ്കൂട്ടറിൽനിന്നു തെറിച്ചുവീണു നാലു വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം കോട്ടക്കയ്ൽ പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി ആദിലിന്റെ മകൻ ഈസ ആദിൽ ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മാതാവ് ഷഹീബയെ പരുക്കുകളോടെ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ ആദിലിനെ നഴ്സറിയിൽനിന്നു തിരികെ വീട്ടിലേക്കു കൊണ്ടുവരുമ്പോൾ ബുധനാഴ്ച രാവിലെ സർജാപുരയിലായിരുന്നു അപകടം. മൃതദേഹം അത്തിബലെ ഓക്സ്ഫഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും. കബറടക്കം പറപ്പൂർ സിദ്ദിഖ് ജുമാമസ്ജിദിൽ. ആദിൽ ഐടി കമ്പനി ജീവനക്കാരനാണ്.

