KSDLIVENEWS

Real news for everyone

ഉത്തര്‍പ്രദേശ് ബ്ലോക്ക് അധ്യക്ഷ തിരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി; വ്യാപക ആക്രമണം

SHARE THIS ON

ലഖ്നൗ: ജില്ലാ പഞ്ചായത്ത് ചെയർമാൻ തിരഞ്ഞെടുപ്പിന് പിന്നാലെ ഉത്തർപ്രദേശ് ബ്ലോക്ക് പ്രമുഖ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും തൂത്തുവാരി ബിജെപി. 825-ൽ 630 സീറ്റുകളും തങ്ങൾ പിന്തുണക്കുന്ന സ്ഥാനാർഥികൾ നേടിയതായി ബിജെപി അവകാശപ്പെട്ടു.

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഏറെ നിർണായകമാണ്. അതേ സമയം തിരഞ്ഞെടുപ്പിൽ വ്യാപക ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കല്ലേറും, ബോംബാക്രമണവും വനിതാ സ്ഥാനാർഥികളെ റോഡിൽ വലിച്ചിഴക്കുന്നതടക്കം റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഭരണകക്ഷിയായ ബിജെപി ചരിത്ര വിജയമെന്ന് വിശേഷിപ്പിച്ച തിരഞ്ഞെടുപ്പിൽ വ്യാപകമായ അട്ടിമറിയും കൃത്രിമവും നടന്നതായി മുഖ്യ പ്രതിപക്ഷ പാർട്ടിയായ സമാജ് വാദി പാർട്ടി ആരോപിച്ചു.

ബിജെപി ഇതിനോടകം 635 ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനങ്ങൾ നേടി കഴിഞ്ഞു. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സംഖ്യ ഇനിയും വർധിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു

സമാജ് വാദി പാർട്ടി 70 സീറ്റുകളിലാണ് വിജയിച്ചത്. കോൺഗ്രസ് പിന്തുണക്കുന്ന രണ്ട് സ്ഥാനാർഥികൾക്ക് മാത്രമേ വിജയിക്കാനായുള്ളൂ. 95 സ്വതന്ത്രരും വിജയിച്ചു.

349 ഓളം ബ്ലോക്ക് പ്രമുഖുകൾ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 476 സീറ്റുകളിലേക്ക് ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. തങ്ങൾ പിന്തുണക്കന്ന 334 സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായാണ് ബിജെപിയുടെ അവകാശവാദം.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ലഖ്നൗവിലെ പാർട്ടി ഓഫീസിലെത്തി യോഗി ആദിത്യനാഥ് ആഹ്ലാദം പങ്കിട്ടു. ജൂലായ് മൂന്നിന് നടന്ന ജില്ലാ പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പും ബിജെപി തൂത്തുവാരിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!