KSDLIVENEWS

Real news for everyone

അഫ്ഗാനില്‍ പിടിമുറുക്കി താലിബാന്‍; ഇന്ത്യ 50 നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു

SHARE THIS ON

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ കാണ്ഡഹാറിൽ കോൺസുലേറ്റിൽ നിന്ന് 50 ഓളം ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ഒഴിപ്പിച്ചു. വ്യോമസേനാ വിമാനത്തിലാണ് നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്. കാണ്ഡഹാറിന് ചുറ്റുമുള്ള പ്രദേശങ്ങൾ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. കാബൂളിലെ എംബസിയും കാണ്ഡാഹാർ, മസാർ ഇ-ഷെരീഫ് എന്നീ നഗരങ്ങളിലെ കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ പദ്ധതിയില്ലെന്ന് നാല് ദിവസം മുമ്പ് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റിയത്. അഫ്ഗാനിസ്താനിലുടനീളം വഷളായി കൊണ്ടിരിക്കുന്ന സുരക്ഷാസ്ഥിതിഗതികൾ ഇന്ത്യ സുസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യൻ ഉദ്യോഗസ്ഥരും പൗരൻമാരും അപകടത്തിലാകാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ പറയുന്നു. നയതന്ത്ര ഉദ്യോഗസ്ഥരേയും മറ്റു ജീവനക്കാരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ഡൽഹിയിലേക്ക് മാറ്റിയതിനെ തുടർന്ന് കാണ്ഡഹാറിലെ ഇന്ത്യൻ കോൺസുലേറ്റ് താത്കാലികമായി അടച്ചു. യു.എസ്. സേനാ പിന്മാറ്റത്തെത്തുടർന്ന് അഫ്ഗാനിസ്താനിലെ വടക്കൻപ്രദേശങ്ങൾ ഇപ്പോൾ താലിബാൻ നിയന്ത്രണത്തിലാണ്. അഫ്ഗാനിസ്താന്റെ സുരക്ഷയും പുനർനിർമാണവും യു.എസിന്റെ ഉത്തരവാദിത്വമല്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മികച്ച ഭാവിയിലേക്ക് രാജ്യത്തെ നയിക്കാൻ അഫ്ഗാൻ നേതാക്കൾ ഒത്തുചേർന്ന് ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!