കനത്തമഴ: കരകവിഞ്ഞ് പുഴകളും തോടുകളും; 10 ദിവസത്തെ മഴ, 162 ശതമാനം കൂടുതൽ

കാസർകോട് ∙ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വെള്ളപ്പൊക്ക ഭീഷണിയിൽ ജില്ലയിലെ പുഴകളും തോടുകളും കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ചന്ദ്രഗിരിയും തേജസ്വിനിയും മധുവാഹിനിയും ഉൾപ്പെടെ ജില്ലയിലെ എല്ലാം പുഴകളിലും വെള്ളം നിറഞ്ഞൊഴുകുന്നു. മധുർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയതിനാൽ പട്ട്ലയിലെ ഒട്ടേറെ കുടുംബങ്ങളെ നാട്ടുകാരും അഗ്നിരക്ഷാ സേനയും മറ്റും ചേർന്നു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
ശക്തമായ മഴയെ തുടർന്നു വീടുകളിൽ വെള്ളം കയറിയ മധുർ പട്ട്ലയിലെ കുടുംബങ്ങളെ അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സഹായത്തോടെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുന്നു.
മധുർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലും സമീപത്തും വെള്ളം കയറി. മധുവാഹിനി പുഴ നിറഞ്ഞ് ഒഴുകിയതോടെ ക്ഷേത്രത്തിലും വെള്ളം കയറിയത്. കരിച്ചേരി പുഴയോരത്തെ ചില കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി വില്ലേജിലെ കമ്മാടി കോളനിയിലെ 9 കുടുംബങ്ങളിൽപ്പെട്ട 29 പേരെ വിദ്യാലയത്തിലേക്കു മാറ്റി പാർപ്പിച്ചിരുന്നു. റവന്യു വകുപ്പിന്റെ കൺട്രോൾ റൂം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. റവന്യു ഉദ്യോഗസ്ഥർ ഓരോ സ്ഥലത്തും നേരിട്ട് ചെന്നു സ്ഥിതി ഗതികൾ വിലയിരുത്തി കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

