നവസങ്കല്പ് യാത്ര’യ്ക്ക് യൂത്ത് കോണ്‍ഗ്രസ് വക ആര്‍എസ്എസ് ഗണഗീതം, വിവാദം; വീഴ്ച സമ്മതിച്ച് നേതൃത്വം

തിരുവനന്തപുരം: ഡി.സി.സി. സംഘടിപ്പിച്ച നവസങ്കല്പ് യാത്രയില്‍ അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഇരുചക്രവാഹന റാലിയില്‍ ആര്.എസ്.എസിന്റെ ഗണഗീതം അകമ്പടിയായത് വിവാദമാകുന്നു. അനൗണ്‍സ്മെന്റ് വാഹനത്തില്‍നിന്നാണ് റെക്കോഡ് ചെയ്ത ഗണഗീതം കേള്‍പ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് നെയ്യാറ്റിന്‍കരയില്‍ ഡി.സി.സി. നവസങ്കല്പ് യാത്ര നടത്തിയത്. റാലിയുടെ മുന്‍നിരയിലായിരുന്നു അനൗണ്‍സ്മെന്റ് വാഹനം. ‘കൂരിരുള്‍ നീങ്ങും പ്രഭാതമാകും വീണ്ടും ഭാരതമൊന്നാകും’ എന്നുതുടങ്ങുന്ന ഗണഗീതമാണ് കേള്‍പ്പിച്ചത്. റാലിയുടെ അനൗണ്‍സ്മെന്റ് വാഹനത്തില്‍ അറിയിപ്പിനായി സ്വകാര്യ സ്റ്റുഡിയോയില്‍ കൊടുത്താണ് റെക്കോഡ് ചെയ്തത്. എന്നാല്‍, ഇത്തരത്തിലുള്ള പാട്ട് റെക്കോഡ് ചെയ്ത് ഉള്‍പ്പെടുത്തിയതു സംബന്ധിച്ച് അറിയില്ലായിരുന്നെന്നും ഇക്കാര്യത്തിലുണ്ടായ വീഴ്ച ഗൗരവത്തോടെ കാണുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നിനോ അലക്സ് പറഞ്ഞു.”

