കോവിഡ് രോഗിയുടെ മൃതദേഹം മാറിക്കൊണ്ടുപോയി, പിന്നീടു തിരികെയെത്തിച്ചു; ആശുപത്രിയില്‍ ബഹളം

അമ്പലപ്പുഴ : കോവിഡ് ബാധിച്ചുമരിച്ച രോഗിയുടെ മൃതദേഹം ബന്ധുക്കൾ ആളുമാറി കൊണ്ടുപോയതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബഹളം. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. കോവിഡ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കായംകുളം കൃഷ്ണപുരം മുണ്ടകത്തറ തെക്കേതിൽ രമണൻ(70), ചേർത്തലസ്വദേശി കുമാരൻ എന്നിവരാണു വെള്ളിയാഴ്ച വൈകീട്ടു മരിച്ചത്. ഇതിൽ രമണന്റെ മൃതദേഹമാണ് കുമാരന്റെ ബന്ധുക്കൾ മാറിക്കൊണ്ടുപോയത്.
വൈകീട്ട് നാലിനാണ് രമണൻ മരിച്ചത്. മൃതദേഹം ഏറ്റുവാങ്ങാനായി ആവശ്യമായ രേഖകളുമായി രാത്രി എട്ടോടെ ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ആശുപത്രിയിലെത്തി. പലതവണ തീവ്രപരിചരണവിഭാഗവുമായി ബന്ധപ്പെട്ടെങ്കിലും മൃതദേഹം കിട്ടിയില്ല. അതിനിടെ ഒൻപതരയോടെ ആംബുലൻസിൽ രമണന്റെ മൃതദേഹം കുമാരന്റെ ബന്ധുക്കൾ ആശുപത്രിയിൽ തിരികെയെത്തിച്ചു. തുടർന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി കൊണ്ടുപോയി. കുമാരന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുകയും ചെയ്തു.
കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം പ്രത്യേക ബാഗിലാക്കിയാണു ബന്ധുക്കൾക്ക് കൈമാറുന്നത്. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണു മൃതദേഹങ്ങൾ വിട്ടുനൽകിയതെന്ന് ആശുപത്രിസൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ പറഞ്ഞു. ബാഗ് തുറന്ന് മുഖംകാണിച്ച് ഉറപ്പുവരുത്തിയശേഷമാണ് മൃതദേഹം നൽകിയത്. മൃതദേഹം തിരിച്ചറിഞ്ഞ് കൊണ്ടുപോകുന്നതായി ബന്ധുക്കളിൽനിന്ന് എഴുതിവാങ്ങിയിട്ടുമുണ്ട്.
ചേർത്തലസ്വദേശിയുടെ ബന്ധുക്കൾക്കുണ്ടായ തെറ്റാണു സംഭവത്തിനു വഴിവെച്ചതെന്നും കാര്യങ്ങൾ ഇരുകൂട്ടരെയും ബോധ്യപ്പെടുത്തി വിട്ടയച്ചതായും സൂപ്രണ്ട് വിശദമാക്കി

