സോളറിന്റെ രക്തത്തിൽ ഇടതുപക്ഷത്തിന് പങ്കില്ല; മരിച്ചാലും വെറുതെ വിടില്ലെന്നതിന്റെ തെളിവാണ് ഈ ചർച്ച’; കെ.ടി ജലീൽ

തിരുവനന്തപുരം: സോളർ കേസിന്റെ രക്തത്തിൽ ഇടതുപക്ഷത്തിന് പങ്കില്ലെന്ന് കെ.ടി.ജലീൽ എംഎൽഎ. സോളർ കേസ് സംബന്ധിച്ച് അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രക്തത്തിൽ നിങ്ങൾക്കാണ് പങ്ക്. ഗ്രൂപ്പിസത്തെ തുടർന്ന് ആളുകളെ രാഷ്ട്രീയ ഉന്മൂലനം ചെയ്യാൻ വേണ്ടി, മരിച്ചാൽ പോലും നിങ്ങൾ അവരെ വെറുതെ വിടില്ല എന്നുള്ളതിന്റെ തെളിവാണ് ഇന്നത്തെ ഈ ചർച്ചയെന്ന് ജലീൽ പറഞ്ഞു.
‘‘കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പല വിവാദങ്ങളുടെയും അടിവേരുകൾ ചികഞ്ഞാൽ നാം എത്തുക കോൺഗ്രസ് ഗ്രൂപ്പ് വഴക്കിലാണ്. കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു തെറിപ്പിക്കാനാണ് ഐഎസ്ആർഒ ചാരക്കേസ് കോൺഗ്രസുകാർ ഉണ്ടാക്കിയെടുത്തത്. അതിനുശേഷം കോൺഗ്രസുകാർ ഉണ്ടാക്കിയെടുത്ത മറ്റൊരു പ്രമാദമായ വിവാദമാണ് സോളർ കേസ്. സോളറിന്റെ ശിൽപികളും പിതാക്കന്മാരും ഇടതുപക്ഷ നേതാക്കളാണോ? സോളർ രക്തത്തിൽ ഇടതുപക്ഷത്തിന് എന്തു പങ്കാണ് ഉള്ളത്? രക്തപങ്കിലമായ കരങ്ങൾ മുഴുവൻ അപ്പുറത്തല്ലേ? ഒരാളെ വ്യക്തിഹത്യ നടത്തി രാഷ്ട്രീയത്തിൽനിന്നു നിഷ്കാസിതമാക്കുന്ന രീതിയോട് ഒരിക്കലും യോജിക്കാത്തവരാണ് ഇടതുപക്ഷം. അത്തരം സമീപനങ്ങളെ നിശിതമായി എതിർക്കുന്നയാളാണ് കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ.
ജയിലിൽ നിന്നു പരാതിക്കാരി എഴുതിയെന്ന് പറയുന്ന കത്ത് പുറത്തുവന്നല്ലോ? അതു പ്രസിദ്ധീകരിച്ചതിൽ ഇടതുപക്ഷ മാധ്യമങ്ങൾക്ക് ഒരു പങ്കുമില്ല. പ്രതിപക്ഷനിരയിലുള്ള ആരെങ്കിലും ഇടതുപക്ഷ മാധ്യമങ്ങൾക്കെതിരെ പരാതി നൽകിയിട്ടുണ്ടോ? ഇപ്പോൾ പുറത്തുവന്ന സിബിഐ റിപ്പോർട്ടിൽ, എവിടെയെങ്കിലും കേസിൽ ഇടതുപക്ഷത്തിന്റെ പങ്കാളിത്തത്തെ കുറിച്ച്, ഗൂഢാലോചനയെക്കുറിച്ച് ഒരു വാക്കെങ്കിലും പറയുന്നുണ്ടോ? ഉണ്ടെങ്കിൽ ആ വാചകങ്ങൾ ഒന്ന് ഉദ്ധരിക്കൂ. അറിയാൻ വേണ്ടിയിട്ടാണ്.
ആരാണ് ഈ കേസ് കൊണ്ടുവന്നത്? ഞങ്ങളാണോ? സിബിഐ റിപ്പോർട്ടിൽ എന്തെങ്കിലും രേഖ സർക്കാരിനെതിരായി, മുഖ്യമന്ത്രിക്കെതിരായി, മന്ത്രിമാർക്കെതിരായി ഉണ്ടെന്ന് പറയാൻ നിങ്ങൾ ആർക്കെങ്കിലും കഴിയുമോ? സോളർ കേസിൽ പരാതി കൊടുത്ത ശ്രീധരൻനായർ സിപിഎമ്മിന്റെ അംഗമാണോ? ഇടതുപക്ഷത്തുള്ള ഏതെങ്കിലും ഒരു കക്ഷിയുടെ അംഗമാണോ? ശ്രീധരൻ നായർ കേസ് കൊടുക്കുന്ന സമയത്ത് കെപിസിസി അംഗമായിരുന്നു എന്നുള്ള സത്യം നിങ്ങൾക്ക് അറിയില്ലേ?’’– ജലീൽ ചോദിച്ചു.

