KSDLIVENEWS

Real news for everyone

മാസ്‌ക് അഴിച്ച് പൊതുപരിപാടിയില്‍ ജനങ്ങളെ വീണ്ടും അഭിസംബോധനം ചെയ്ത് ട്രംപ്

SHARE THIS ON

വാഷിങ്ടൺ: വൈറ്റ് ഹൗസിൽ ശനിയാഴ്ച നടന്ന പരിപാടിയിൽ പങ്കെടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൊതുവേദികളിലേക്ക് തിരികെയെത്തി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊതുപരിപാടികളിൽ നിന്ന് അകന്നുനിൽക്കുകയായിരുന്ന ട്രംപ് ഒമ്പത് ദിവസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ വീണ്ടും സജീവമാകുന്നത്. ‘ആഹാ ഗംഭീരം!’ വൈറ്റ് ഹൗസിലെത്തിച്ചേർന്ന നൂറ് കണക്കിന് അനുയായികളെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു. ‘എല്ലാവരും പുറപ്പെടൂ, വോട്ട് ചെയ്യൂ, നിങ്ങളെ ഞാൻ സ്നേഹിക്കുന്നു’. മാസ്ക് അഴിച്ചു മാറ്റി ബാൽക്കണിയിൽ നിന്നു കൊണ്ട് ട്രംപ് കൂട്ടിച്ചേർത്തു. മറുപടിയായി ട്രംപ് അനുയായികൾ ‘യുഎസ്എ’ എന്നും ‘നാല് വർഷം കൂടി’ എന്നും ഇരുപത് മിനിറ്റോളം നീണ്ട പരിപാടിയിലുടനീളം സ്തുതിവചനങ്ങൾ ചൊരിഞ്ഞു. അനുയായികളിൽ ഭൂരിഭാഗം പേരും മാസ്ക് ധരിച്ചാണെത്തിയത്. കൂടാതെ മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ എന്ന് ആലേഖനം ചെയ്ത തൊപ്പികളും ധരിച്ചിരുന്നു.
ട്രംപിൽ നിന്ന് വൈറസ് പകരാൻ സാധ്യതയില്ലെന്ന് വൈറ്റ് ഹൗസ് ഡോക്ടർ സിയാൻ കോൺലി ശനിയാഴ്ച അറിയിച്ചിരുന്നു. പ്രവർത്തനക്ഷമമായ വൈറസ് സാന്നിധ്യം ഇപ്പോൾ ട്രംപിലില്ലെന്ന് പരിശോധനകൾ സൂചിപ്പിക്കുന്നതായി ഡോക്ടർ കോൺലി വ്യക്തമാക്കി. എന്നാൽ ട്രംപ് പൂർണമായും കോവിഡ് മുക്തനായോയെന്ന കാര്യത്തിൽ ഡോക്ടർ കോൺലി മൗനം പാലിക്കുകയാണുണ്ടായത്. ലക്ഷണങ്ങൾ കുറഞ്ഞ കോവിഡ് രോഗികൾക്ക് പത്ത് ദിവസത്തിന് ശേഷം സമ്പർക്കവിലക്ക് ഒഴിവാക്കാമെന്ന് മാർഗനിർദേശമുണ്ട്.
തിങ്കളാഴ്ച ഫ്ളോറിഡയിലും ചൊവ്വാഴ്ച പെൻസിൽവാനിയയിലും ബുധനാഴ്ച ലോവയിലും നടക്കുന്ന പ്രചാരണ പരിപാടികളിൽ ട്രംപ് പങ്കെടുക്കും. വൻ ജനാവലിയെ പങ്കെടുപ്പിച്ച് ട്രംപ് നടത്തുന്ന റാലികളെ എതിർസ്ഥാനാർഥി ജോ ബൈഡൻ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ മരണസംഖ്യ വർധിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിലും വൈറസിനെതിരെ രാജ്യം ആധിപത്യം സ്ഥാപിച്ചതായാണ് ട്രംപിന്റെ അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!