KSDLIVENEWS

Real news for everyone

വിചിത്രം, പൈശാചികം, ദാരുണം; ഉത്ര വധക്കേസില്‍ സൂരജ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും

SHARE THIS ON

കൊല്ലം: അപൂർവങ്ങളിൽ അപൂർവമായ അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജഡ്ജി മനോജാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.

പ്രതി സൂരജിനെയും കോടതിയിൽ ഹാജരാക്കിയിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുമ്പ് പ്രതിയെ കുറ്റങ്ങൾ വായിച്ചുകേൾപ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്നും കോടതി പ്രതിയോട് ചോദിച്ചു. ഒന്നും പറയാനില്ലെന്നായിരുന്നു നിർവികാരനായിനിന്ന സൂരജിന്റെ മറുപടി. തുടർന്ന് പ്രോസിക്യൂഷനും വാദം നടത്തി. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് കോടതിയിൽ ആവശ്യപ്പെട്ടു. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലപാതകമാണിതെന്നും പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഉത്രയുടേത് കൊലപാതകമല്ലെന്ന് പ്രതിഭാഗവും കോടതിയിൽ വാദിച്ചു. ഉത്രയുടെ ബന്ധുക്കളും വിധി കേൾക്കാനായി കോടതിയിലെത്തിയിരുന്നു. ദാരുണമായ കൊലക്കേസിന്റെ വിധി അറിയാൻ വൻജനക്കൂട്ടമാണ് കോടതിക്ക് മുന്നിൽ തടിച്ചുകൂടിയത്.

2020 മേയ് ഏഴിനാണ് അഞ്ചൽ ഏറം വെള്ളശ്ശേരിൽവീട്ടിൽ ഉത്രയെ (25) സ്വന്തംവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.

പാമ്പുകടിച്ചത് സർപ്പകോപമാണെന്നു വരുത്തിത്തീർക്കാനും പ്രതി ശ്രമിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസ് അത്യപൂർവമാകുന്നത് കൊലപാതകം നടപ്പാക്കാനുള്ള പ്രതിയുടെ കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കേയാണ് കേസുവിസ്താരം പൂർത്തിയാക്കിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്നുസാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സി.ഡി.കളും ഹാജരാക്കുകയും ചെയ്തു. സൂരജിന് പാമ്പുകളെ നൽകിയതായി മൊഴിനൽകിയ ചാവർകാവ് സുരേഷിനെ ആദ്യം പ്രതിയും പിന്നീട് ഒന്നാംസാക്ഷിയുമാക്കി.

Mathrubhumi Malayalam News

2020 മാർച്ച് രണ്ടിന് അടൂർ പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽ വെച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. അതും കൊലപാതകശ്രമമായിരുന്നെന്ന് പോലീസ് കണ്ടെത്തി. അന്ന് ഉത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ സൂരജ് അടുത്ത പദ്ധതി തയ്യാറാക്കി. തുടർന്ന് 2020 മേയ് ഏഴിന് മൂർഖനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഉത്രയെ അണലിയെക്കൊണ്ടും മൂർഖനെക്കൊണ്ടും കടിപ്പിക്കുന്നതിനുമുൻപ് പലതവണ സൂരജ് ഇന്റർനെറ്റിൽ പാമ്പുകളെക്കുറിച്ച് തിരഞ്ഞതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

പ്രതി സൂരജ് പാമ്പിനെക്കൊണ്ട് രണ്ടുതവണ കടിപ്പിച്ചതിന്റെ മുറിപ്പാടുകൾ തമ്മിലുള്ള അകലം തെളിയിക്കാൻ കേസിൽ ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. സൂരജ് മൂർഖൻ പാമ്പിന്റെ തലയിൽ പിടിച്ച് ഉത്രയെ കടിപ്പിച്ചതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഡമ്മി പരീക്ഷണം സഹായകമായതായി അന്വേഷണസംഘം പറയുന്നു.

ഉത്രയുടെ ഉയരത്തിലും ഭാരത്തിലുമുള്ള ഡമ്മി തയ്യാറാക്കി, അതിൽ കോഴിയിറച്ചി കെട്ടിവെച്ച് മൂർഖനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നു. സാധാരണ മൂർഖൻ കടിച്ചാൽ, പല്ലുകൾ തമ്മിലുള്ള അകലം 1.7 സെന്റീമീറ്ററേ ഉണ്ടാകൂ. പാമ്പിനെ തലയിൽ പിടിച്ച് കടിപ്പിക്കുമ്പോൾ ഇത് 2.8 സെന്റീമീറ്റർവരെയാകും. ഉത്രയുടെ ശരീരത്തിലെ മുറിവുകളുടെ വ്യത്യാസം യഥാക്രമം 2.5-ഉം 2.8-ഉം സെന്റീമീറ്ററായിരുന്നു. പാമ്പിനെ തലയിൽ പിടിച്ച് കടിപ്പിച്ചാൽമാത്രമേ ഇത്രയും അകലത്തിൽ മുറിവുണ്ടാകൂ.

ഡമ്മി പരീക്ഷണത്തിലൂടെ, ഉത്രയെ മൂർഖന്റെ തലയിൽ പിടിച്ച് കടിപ്പിച്ചെന്ന് അന്വേഷണസംഘം ശാസ്ത്രീയമായി തെളിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലായ് അവസാനവാരം കുളത്തൂപ്പുഴ അരിപ്പയിലെ വനംവകുപ്പിന്റെ പരിശീലനകേന്ദ്രത്തിൽവെച്ചാണ് അന്നത്തെ കൊല്ലം റൂറൽ എസ്.പി. ഹരിശങ്കറിന്റെ നേതൃത്വത്തിൽ ഡമ്മി പരീക്ഷണം നടത്തിയത്.

ഉത്രയെ കടിപ്പിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടവും കേസിൽ നിർണായക തെളിവായി. കുറഞ്ഞത് ഏഴുദിവസമായി പട്ടിണി കിടന്ന പാമ്പാണിതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പാമ്പിനെ പ്ലാസ്റ്റിക് ഭരണിയിലാക്കി സൂക്ഷിച്ചിരുന്നതാണെന്നതിന് ഇത് തെളിവാകുകയും ചെയ്തു. ഉത്രയെ രണ്ടു പ്രാവശ്യം പാമ്പ് കടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയിൽ ഉണ്ടായിരുന്നതെങ്കിലും എന്താണു സംഭവിച്ചതെന്ന് കോടതിയിൽ വിശദീകരിക്കാൻ തയ്യാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. മൂർഖന് ഉത്ര കിടന്ന മുറിയിൽ കയറാൻ പഴുതില്ലായിരുന്നെന്നും ജനൽവഴി കയറാനുള്ള സാധ്യതയില്ലെന്നും വിദഗ്ധ സാക്ഷികളും മൊഴി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!