ദത്ത് വിവാദം: അനുപമ വീണ്ടും സമരത്തിനൊരുങ്ങുന്നു

തിരുവനന്തപുരം: താനറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അമ്മ അനുപമ വീണ്ടും സമരത്തിനൊരുങ്ങുന്നു. രാവിലെ പത്ത് മണിക്ക് ശിശുക്ഷേമ സമിതിക്ക് മുന്നിലാണ് സമരം. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എൻ സുനന്ദയേയും, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
സി ഡബ്ല്യൂ സി ചെയർപേഴ്‌സണും, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നും, ഇവരെ രണ്ടുപേരെയും സ്ഥാനത്തുനിന്ന് മാറ്റി നിർത്തുംവരെ സമരം തുടരുമെന്ന് അനുപമ അറിയിച്ചു.കുട്ടിയെ അടിയന്തരമായി സർക്കാർ ഏറ്റെടുക്കണമെന്നും അനുപമ ആവശ്യപ്പെടുന്നു.
2020 ഒക്ടോബർ 19നാണ് അനുപമ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ തന്റെ മാതാപിതാക്കൾ എടുത്തുകൊണ്ടു പോയി ശിശുക്ഷേമ സമിതിയെ ഏൽപിച്ചെന്നും, കുട്ടിയെ വിട്ടുകിട്ടാൻ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് അനുപമ നേരത്തെ ആരോപിച്ചിരുന്നു.

