റെയില്‍വേ സ്‌റ്റേഷനിലെ സുരക്ഷിത ഭക്ഷണം: കേരളം നമ്പര്‍ 1, അംഗീകാരം ലഭിച്ചത് 21 സ്റ്റേഷനുകള്‍ക്ക്

കണ്ണൂർ: സുരക്ഷിതഭക്ഷണത്തിന് ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചത് രാജ്യത്ത് 114 റെയിൽവേ സ്റ്റേഷനുകൾക്ക്. അതിൽ കൂടുതൽ കേരളത്തിൽ-21. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) ആണ് റേറ്റിങ് നൽകുന്നത്. ആകെ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നരശതമാനത്തിനാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഹാൾട്ട് സ്റ്റേഷനുകൾ ഉൾപ്പെടെ 7349 റെയിൽവേ സ്റ്റേഷനുകൾ ഇന്ത്യയിലുണ്ട്. കേരളത്തിൽ 199. ഉയർന്നനിലവാരമുള്ളതും പോഷകഗുണമുള്ളതുമായ സുരക്ഷിത ആഹാരം ശുചിത്വത്തോടെ നൽകുക എന്നതാണ് ലക്ഷ്യം. ഭക്ഷണം തയ്യാറാക്കുമ്പോഴും വിളമ്പുമ്പോഴും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കിയാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റ്, സ്റ്റാളുകൾ ഉൾപ്പെടെ ഇതിന്റെ പരിധിയിൽവരും. സർട്ടിഫിക്കറ്റ് ലഭിക്കാൻ കുടിവെള്ളം, ശുചിത്വം, മാലിന്യം സംസ്കരണം, രജിസ്റ്റർ സൂക്ഷിക്കൽ, ഉപയോഗിക്കുന്ന ആഹാരവസ്തുക്കളുടെ പരിശോധന എന്നിവയുണ്ടാകും. കാറ്ററിങ് തൊഴിലാളികൾക്ക് ഉൾപ്പെടെ പരിശീലനം നൽകും. അന്തിമ ഓഡിറ്റിങ്ങിനുശേഷം രണ്ടുവർഷത്തേക്കാണ് സർട്ടിഫിക്കറ്റ് നൽകുക. പല സ്റ്റേഷനുകളിലെയും സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടില്ല. ചിലതിൽ പരിശോധന നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കേരളത്തിലെ ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷനുകൾ പരപ്പനങ്ങാടി, ചാലക്കുടി, തലശ്ശേരി, കണ്ണൂർ, പാലക്കാട് ജങ്ഷൻ, ചെങ്ങന്നൂർ, ഷൊർണൂർ ജങ്ഷൻ, തിരൂർ, വടകര, ചങ്ങനാശ്ശേരി, ആലപ്പുഴ, വർക്കല, കരുനാഗപ്പള്ളി, അങ്കമാലി, ആലുവ, തിരുവല്ല, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, കൊല്ലം

