ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്തി

കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച വ്യാജനമ്പര്‍ പ്ലേറ്റ് കണ്ടെത്തി. കേസിലെ നിര്‍ണായക തെളിവാണിതെന്നാണ് പോലീസ് കരുതുന്നത്. കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയില്‍നിന്ന് ഒടിച്ചുനുറുക്കി കാടു പിടിച്ച സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു നമ്പര്‍ പ്ലേറ്റ് കണ്ടെത്തിയത്. പലതായി ഒടിച്ചു മടക്കി പലസ്ഥലങ്ങളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു നമ്പര്‍ പ്ലേറ്റിന്റെ ഭാഗങ്ങള്‍. അന്വേഷണസംഘം പ്രതികളുമായി കുളത്തൂപ്പുഴ- ആര്യങ്കാവ് റൂട്ടില്‍ സഞ്ചരിച്ചാണ് തെളിവ് ശേഖരിച്ചത്. വാഹനത്തില്‍ വെച്ച് ചോദിച്ചപ്പോഴാണ് നമ്പര്‍ പ്ലേറ്റ് ഒടിച്ചുനുറുക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് അനിതാ കുമാരി മൊഴി നല്‍കിയത്. നേരത്തെ, കേസിലെ ഒന്നാംപ്രതി പദ്മകുമാറിന്റെ ഒഴുകുപാറയ്ക്കടുത്ത് തെങ്ങുവിളയിലുള്ള ഫാമില്‍ ഞായറാഴ്ച ഒന്നരമണിക്കൂറോളം തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികള്‍ തട്ടിക്കൊണ്ടുപോയ സമയത്ത് കുട്ടിയുടെ കൈയിലുണ്ടായിരുന്ന പെന്‍സില്‍ ബോക്സ് ഫാമില്‍നിന്ന് അടുത്ത പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇത് കണ്ടെടുത്തു. ശനിയാഴ്ച മാമ്പള്ളികുന്നത്തെ വീട്ടില്‍വച്ച് ചോദ്യംചെയ്തപ്പോള്‍ കുട്ടിയുടെ ബാഗ് ഫാമില്‍വച്ച് കത്തിച്ചുകളഞ്ഞതായി പ്രതികള്‍ മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫാമില്‍ നായ്ക്കളെ പാര്‍പ്പിച്ചിരുന്ന കെട്ടിടത്തിനുസമീപം ചാരം കിടന്നയിടത്തുനിന്ന് ബാഗിന്റെ അവശിഷ്ടങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു

