പ്രതിഷേധത്തിനിടെ റോഡിലിറങ്ങി ഗവര്‍ണര്‍; ശകാരം,ആക്രമണത്തിനുപിന്നില്‍ മുഖ്യമന്ത്രിയെന്ന് ആരോപണം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ നാടകീയ സംഭവങ്ങള്‍. തന്റെ കാര്‍ തടഞ്ഞുനിര്‍ത്തി എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതോടെ കാറില്‍നിന്നും പുറത്തിറങ്ങിയ ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ‘ബ്ലഡി ക്രിമിനല്‍സ്’ എന്നു വിളിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നുവെന്നും തന്നെ വകവരുത്താന്‍ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുന്നുവെന്നും ആരോപിച്ചു. ആദ്യം യൂണിവേഴ്‌സിറ്റി കോളജിനടുത്തുവെച്ചും പിന്നീട് ജനറല്‍ ആശുപത്രി പരിസരത്തുവെച്ചും രണ്ടുതവണ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. ഈ രണ്ടുസ്ഥലങ്ങള്‍ക്കും ഇടയില്‍ വൈകിട്ടോടെ വീണ്ടും പ്രതിഷേധം ഉണ്ടായതോടെയാണ് ഗവര്‍ണര്‍ റോഡിലേക്കിറങ്ങിയത്. വാഹനത്തില്‍നിന്നും ഇറങ്ങിയ ഗവര്‍ണര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ ചെന്നതോടെ പോലീസും കുഴങ്ങി. ഏറെപാടുപെട്ടാണ് പ്രവര്‍ത്തകരെ പോലീസ് ജീപ്പില്‍ കയറ്റി ഇവിടെനിന്നും മാറ്റിയത്. തനിയ്ക്ക് സുരക്ഷ ഉറപ്പാക്കിയില്ലെന്നാരോപിച്ച് പോലീസുകാരേയും അദ്ദേഹം രൂക്ഷഭാഷയില്‍ ശകാരിച്ചു. എനിക്കുനേരെ പ്രതിഷേധമുണ്ടാവുമ്പോള്‍ പോലീസുകാര്‍ എല്ലാവരും കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു. പാവപ്പെട്ട അവര്‍ എന്തുചെയ്യാനാണ്. അവര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. ഞാന്‍ കാറില്‍നിന്നും ഇറങ്ങിയപ്പോള്‍ പ്രതിഷേധക്കാരെ ജീപ്പില്‍ കയറ്റി അവിടെനിന്നും മാറ്റുകയാണ് പോലീസുകാര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ കാറിനടുത്തേക്ക് ഇത്തരത്തില്‍ ആരെങ്കിലും വരാന്‍ പോലീസുകാര്‍ അനുവദിക്കുമോയെന്നും അതിവിടെ നടക്കുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നെ കായികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി പ്രതിഷേധക്കാരെ അയച്ചതാണ്. ഗുണ്ടകളാണ് ഇവിടെ ഭരിക്കുന്നത്. ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ന്നു. ഇവരുടെ ഗുണ്ടാരാജ് തുടരാന്‍ അനുവദിക്കില്ല. ഭരണഘടനാ സംവിധാനങ്ങള്‍ തകരുന്നതും അനുവദിക്കാനാകില്ല. ഞാന്‍ ചെയ്യുന്ന ചില കാര്യങ്ങളോട് മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടാവാം. അതിന് കായികമായി തന്നെ അക്രമിക്കാനുള്ള ഗൂഢാലോചനയാണോ മുഖ്യമന്ത്രി നടത്തേണ്ടതെന്നും ഗവര്‍ണര്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു.

