തരൂർ വിഷയത്തിൽ വീഴ്ചപറ്റി; കെ.പി.സി.സി. ഭാരവാഹിയോഗത്തിൽ വിമർശം

തിരുവനന്തപുരം: അനാവശ്യവിവാദങ്ങൾ കോൺഗ്രസിനെ ദുർബലപ്പെടുത്തുമെന്നത് നേതാക്കൾ തിരിച്ചറിയേണ്ടതുണ്ടെന്ന് കെ.പി.സി.സി. ഭാരവാഹി യോഗത്തിൽ വിമർശം. ശശി തരൂരിന്റെ പര്യടനപരിപാടികളെച്ചൊല്ലിയുണ്ടായ വിവാദങ്ങൾ ഇത്തരത്തിലുള്ളതാണ്. ഇക്കാര്യം കൈകാര്യംചെയ്യുന്നതിൽ പാർട്ടിനേതൃത്വത്തിന് സംഭവിച്ച വീഴ്ചയുടെ ഫലമാണ് വിവാദം. ഭരണവീഴ്ച മറയ്ക്കാൻ കോൺഗ്രസിലെ പ്രശ്നങ്ങൾ ആയുധമാക്കാൻ സി.പി.എമ്മിന് കഴിയുന്നുണ്ടെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ശശി തരൂരിനെ പാർട്ടിയിൽ ഭിന്നമായി ചിത്രീകരിച്ച് നടത്തുന്ന പ്രചാരണവും ഗുണംചെയ്യില്ല. അദ്ദേഹത്തിന്റെ പരിപാടികൾ ബഹിഷ്കരിക്കുന്നതും ശരിയല്ല. അതേസമയം, തരൂർ കോൺഗ്രസിന്റെ ഭാഗമാണെന്ന ബോധ്യം സംഘാടകർക്കും ഉണ്ടാകേണ്ടതുണ്ട്. തരൂർ പര്യടനമാരംഭിച്ചപ്പോൾ പാർട്ടിനേതാക്കൾ വിട്ടുനിന്നത് അനാവശ്യമായ വാർത്തകളുണ്ടാക്കാൻ വഴിയൊരുക്കി.
എല്ലാവരും എല്ലാവരെയും ഉൾക്കൊണ്ട് നീങ്ങിയാലാണ് സംഘടനാശക്തി പ്രകടമാവുക. തരൂരിനെ മറയാക്കി പാർട്ടിയിലാരെങ്കിലും ശൈഥില്യമുണ്ടാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ തടയിടണമെന്നും നേതാക്കൾ പറഞ്ഞു.

