KSDLIVENEWS

Real news for everyone

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന്; ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കും

SHARE THIS ON

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് ആറുമണിക്ക് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.കഴിഞ്ഞ അഞ്ചുദിവസമായി ഡൽഹി കേന്ദ്രീകരിച്ചുനടന്ന സ്ക്രീനിങ് കമ്മിറ്റിക്കൊടുവിലാണ് സാധ്യതപട്ടിക വിലയിരുത്തി അന്തിമ സ്ഥാനാർഥി പട്ടികയിലേക്ക് കോൺഗ്രസ് എത്തിച്ചേർന്നിരിക്കുന്നത്.

നേമത്ത് ഉമ്മൻചാണ്ടി തന്നെ സ്ഥാനാർഥിയാകുമെന്നാണ് സൂചനകൾ. നേമത്ത് മത്സരിക്കാനുളള സന്നദ്ധത ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ നേരത്തേ അറിയിച്ചിരുന്നു. സോണിയാഗാന്ധിയുമായി ഉമ്മൻചാണ്ടി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കുക. നിലവിൽ ചില ഉപാധികൾ ഉമ്മൻചാണ്ടി മുന്നോട്ട് വെച്ചിട്ടുണ്ട്.

ഗ്രൂപ്പ് യോഗത്തിലും തികഞ്ഞ ആത്മവിശ്വാസമാണ് ഉമ്മൻചാണ്ടി പ്രകടിപ്പിച്ചത്. തന്റെ സ്ഥാനാർഥിത്വം പാർട്ടിക്ക് ഗുണകരമാകുമെങ്കിൽ വെല്ലുവിളി ഏറ്റെടുക്കാമെന്നും ആരെങ്കിലും കാലുവാരുമെന്ന് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും വോട്ടുമറിച്ചാൽപ്പോലും ജയിക്കാനാകുമെന്ന ആത്മവിശ്വാസവും ഉമ്മൻചാണ്ടി പ്രകടിപ്പിച്ചു. ഗ്രൂപ്പ് യോഗത്തിൽ എ ഗ്രൂപ്പിലെ യുവനേതാക്കളാണ് ഉമ്മൻചാണ്ടിയോട് മത്സരിക്കാൻ ആവശ്യപ്പെട്ടത്. മുതിർന്ന നേതാക്കളിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചപ്പോഴും ഉമ്മൻചാണ്ടി തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനാർഥിയായിട്ട് തന്നെയായിരിക്കും ഇറങ്ങിയേക്കുക എന്നും വിവരമുണ്ട്.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചില പേരുകളിൽ മാറ്റം വന്നിട്ടുണ്ട്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനോ, അപ്രതീക്ഷിത സ്ഥാനാർഥികളോ വന്നേക്കാമെന്ന സൂചനകളാണ് ലഭിക്കുന്നത്. കല്പറ്റ, നിലമ്പൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ രാഹുൽ ഗാന്ധി തീരുമാനിക്കും. കല്പറ്റ സീറ്റ് ക്രൈസ്തവ വിഭാഗത്തിൽ ഉളളവർക്ക് നൽകാനാണ് ധാരണ. ടി.സിദ്ദിഖിനെ പട്ടാമ്പി മണ്ഡലത്തിലേക്കാണ് ഇപ്പോൾ പരിഗണിക്കുന്നത്.

കെ.സി.ജോസഫിനും കെ.ബാബുവിനും ഇത്തവണ സീറ്റ് ലഭിക്കാൻ സാധ്യതയില്ല. ഇരുവർക്കും ഹൈക്കമാൻഡ് മാനദണ്ഡങ്ങളാണ് തിരിച്ചടിയായിരിക്കുന്നത്. തൃപ്പൂണിത്തുറിൽ മുൻ ഐ.എഫ്.എസ്. ഓഫീസർ വേണു രാജാമണി സ്ഥാനാർഥിയായേക്കും. ജ്യോതി വിജയകുമാറിന് സീറ്റ് ലഭിക്കാനുളള സാധ്യത കുറഞ്ഞു. ശബരിമലയിൽ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതാണ് ഇവർക്ക് വിനയായത്. ഇതേ സംബന്ധിച്ച് നിരവധി പരാതികൾ ഹൈക്കമാൻഡിന് ലഭിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ നിലപാടായിരിക്കും ജ്യോതി വിജയുമാറിന്റെ കാര്യത്തിൽ നിർണായകമാവുക.

കൊട്ടാരക്കരയിൽ പി.സി.വിഷ്ണുനാഥും എം.ലിജു കായംകുളത്തോ അമ്പലപ്പുഴയിലോ മത്സരിക്കും. രണ്ടുതവണ തോറ്റെങ്കിലും യുവപ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ലിജുവിനെ സ്ഥാനാർഥിയാക്കുന്നത്.

ചില മണ്ഡലങ്ങളിൽ ഒരു പേരുമാത്രമാണ് സാധ്യതാപട്ടികയിൽ ഉളളത് കണ്ണൂർ-സതീശൻ പാച്ചേനി, ബാലുശ്ശേരി- ധർമജൻ ബോൾഗാട്ടി, തൃശ്ശൂർ- പത്മജ വേണുഗോപാൽ, കോന്നി-റോബിൻ പീറ്റർ, കഴക്കൂട്ടം-എസ്.എസ്.ലാൽ, മാനന്തവാടി-പി.കെ.ജയലക്ഷ്മി, വൈക്കം-ഡോ.പി.ആർ.സോന തുടങ്ങിയ പേരുകൾ അക്കൂട്ടത്തിലുളളതാണ്. നിലവിൽ കെ.സി.ജോസഫ് മാത്രമാണ് സിറ്റിങ് എംഎൽഎമാരിൽ മത്സരിക്കാതിരിക്കുക. മറ്റ് 20 എംഎൽഎമാരും മത്സരിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!