ഡീസലിനായി ദാഹിച്ച് കെഎസ്ആർടിസി; ആവശ്യത്തിന് ഡീസലില്ലാതെ സർവീസ് മുടങ്ങുന്നതു പതിവായയി

കാസർകോട് ∙ എണ്ണക്കമ്പനികളിൽ നിന്നു നേരിട്ട് ഡീസൽ വാങ്ങുന്നത് കെഎസ്ആർടിസി ഒഴിവാക്കിയതോടെ ബസ് സർവീസുകൾ മുടങ്ങുന്നത് പതിവായി. കഴിഞ്ഞ മാസാവസാനം മുതൽ ബസ് ഡിപ്പോ പരിസരത്ത് ഓയിൽ കോർപറേഷന്റെ പ്രാദേശിക റീട്ടെയിൽ ഡീലർമാർ മുഖേനയാണ് ഡീസൽ എത്തിക്കുന്നത്. എണ്ണ കമ്പനിയുടെ തന്നെ ശുപാർശയിലാണ് ഈ രീതി. പക്ഷേ ഡീസൽ വാങ്ങിയ വകയിൽ റീട്ടെയിൽ ഡീലർമാർക്കു സമയത്തു പണം നൽകാൻ കെഎസ്ആർടിസിക്കു കഴിയുന്നില്ല. ഇത് കെഎസ്ആർടിസി ഡിപ്പോകളിൽ സർവീസുകൾ മുടങ്ങാൻ ഇടയാകുന്നു. കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ ഏപ്രിൽ 4ന് 6 ട്രിപ്പും 10ന് 70 ട്രിപ്പും ആണു മുടങ്ങിയത്.
ഞായറാഴ്ച 8 ഷെഡ്യൂൾ പൂർണമായി റദ്ദായി. കാസർകോട്-മംഗളൂരു, കാസർകോട്-കാഞ്ഞങ്ങാട്, കാസർകോട്-ദേളി റൂട്ടുകളിലാണ് ഞായറാഴ്ച സർവീസുകൾ റദ്ദായത്. തിങ്കളാഴ്ച സർവീസ് നടത്തുന്നതിന് ആവശ്യത്തിന് ഇന്ധനം കരുതി വെക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ സർവീസുകൾ റദ്ദാക്കിയത്.
ഡീലർക്ക് നൽകാനുള്ളത് 42 ലക്ഷം കുടിശിക
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കറന്തക്കാട് റീട്ടെയിൽ ഡീലർ മുഖേനയാണ് കെഎസ്ആർടിസി കാസർകോട് ഡിപ്പോയ്ക്ക് ഡീസൽ വിതരണം. മാർച്ച് 31 മുതൽ 42000 ലീറ്റർ ഡീസൽ ആണു വിവിധ ദിവസങ്ങളിലായി നൽകിയത്. കെഎസ്ആർടിസി കുടിശികയായി 42 ലക്ഷം രൂപ ഡീലർക്കു നൽകാനുണ്ട്. 3 ദിവസത്തിൽ ഒരിക്കൽ പണം കിട്ടുമെന്ന ധാരണയിലാണു കമ്പനിയിൽ നിന്ന് ടാങ്കറിൽ റീട്ടെയിൽ ഡീലർ ഇന്ധനം കെഎസ്ആർടിസിയുടെ ബങ്കിൽ എത്തിച്ചത്. പണം റീട്ടെയിൽ ഡീലറുടെ അക്കൗണ്ടിൽ ആണ് കെഎസ്ആർടിസി അടയ്ക്കുന്നത്.
കുടിശികയായി കിടക്കുന്ന തുക കിട്ടാത്തതിനാൽ തുടർന്ന് ഡീസൽ നൽകാൻ കഴിയില്ലെന്ന് ഡീലർ അറിയിച്ചതോടെ ബസുകൾ പലതും ഓടിക്കാൻ കഴിയാതെയായി. ഒടുവിൽ പൊയ്നാച്ചിയിലെ ബങ്ക് ഡീലർ മുഖേന ഇന്ധനം എത്തിച്ചതോടെയാണ് ഇന്നലെ സർവീസുകൾ സാധാരണ പോലെ ഓടിയത്. കെഎസ്ആർടിസിയിൽ നിന്നു പണം ലഭിച്ച് കമ്പനിയിൽ അടച്ചില്ലെങ്കിൽ ഡീലർക്കും ഇന്ധനം കിട്ടില്ല. കെഎസ്ആർടിസി ജീവനക്കാർക്കു ശമ്പളം പോലും സമയത്തു നൽകാൻ കഴിയാത്ത സ്ഥിതിയിൽ ഡീസൽ ചെലവ് നൽകുന്നതിലും കൃത്യത ഉണ്ടാകാത്തത് സർവീസുകൾ തുടർന്നും മുടങ്ങാൻ ഇടയാകും എന്ന ആശങ്കയിലാണ്.
എന്തുകൊണ്ട് ബൾക്ക് പർച്ചേസ് നിർത്തി?
നേരത്തെ ഓയിൽ കമ്പനികളിൽ നിന്ന് നേരിട്ടാണ് ബൾക്ക് പർച്ചേസ് വിഭാഗത്തിൽ കെഎസ്ആർടിസി ഇന്ധനം വാങ്ങിയിരുന്നത്. വിപണി വിലയേക്കാൾ 1.90 രൂപ ലീറ്ററിനു കുറച്ചാണു വില നൽകിയിരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ഇരട്ട വില സംവിധാനം നടപ്പിലാക്കിയതോടെ കെഎസ്ആർടിസി കൂടുതൽ ഇന്ധനം ആവശ്യമായ കുത്തക സ്ഥാപനങ്ങളുടെ പട്ടികയിലായി. സ്റ്റീൽ പ്ലാന്റ്, താപ വൈദ്യുതി നിലയം, ടെക്സ്റ്റെയിൽ മില്ല്, പവർ പ്ലാന്റ്, സംസ്ഥാന ഗതാഗത സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ഈ പട്ടികയിലാണ്.
കേന്ദ്രസർക്കാർ ബൾക്ക് പർച്ചേസിൽ വരുത്തിയ മാറ്റം കാരണം കെഎസ്ആർടിസി 1 ലീറ്റർ ഡീസലിനു വിപണി വിലയേക്കാൾ 27 രൂപ അധികം നൽകണം. എണ്ണ വില കുതിച്ചു കയറുന്നതിനിടെയാണ് ഇരട്ട വില സംവിധാനം കൂടി വന്നതോടെ കെഎസ്ആർടിസിക്ക് ഇത് ഇരട്ട പ്രഹരമായി. പെൻഷൻ പോലും കൊടുക്കാൻ പണമില്ലാതെ വലയുമ്പോഴാണ് ഈ പ്രഹരം കൂടി എത്തിയത്. സംസ്ഥാനത്ത് കെഎസ്ആർടിസിക്ക് 4 ലക്ഷം ലീറ്റർ ഡീസൽ ആണ് പ്രതിദിന ഉപയോഗം.
ബൾക്ക് പർച്ചേസിൽ 1.90 രൂപ ലീറ്ററിനു കുറച്ചു നൽകുന്നതിനു പകരം 27 രൂപ വരെ കൂട്ടിയതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിൽ ഇന്ന് എണ്ണക്കമ്പനികളുടെ ഉൾപ്പെടെ ഇരു വിഭാഗത്തിന്റെയും വാദം ഹൈക്കോടതി കേൾക്കാനിരിക്കുകയാണ്. അതേ സമയം വിവിധ ഓയിൽ കമ്പനികൾ കെഎസ്ആർടിസിയ്ക്കുള്ള ഇന്ധന വിൽപന സ്വന്തമാക്കാൻ അതത് റീട്ടെയിൽ ഡീലർമാരിൽ സമ്മർദം ചെലുത്തുന്നുണ്ട്. എന്നാൽ വൻ തുക കുടിശിക വരുത്തുന്ന ബാധ്യത വഹിക്കാൻ റീട്ടെയിൽ ഡീലർമാർക്കു കഴിയുന്നില്ല.

