പുതിയകെട്ടിടങ്ങൾക്ക് ഉയർന്നനികുതി;ബജറ്റിൽ പറയാതെ അടിസ്ഥാനനികുതി കൂട്ടി,

തിരുവനന്തപുരം: കെട്ടിടനിർമാണത്തിന് തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട എല്ലാ ഫീസും കൂട്ടിയതിനുപിന്നാലെ ഇനി നിർമിക്കുന്നവയ്ക്കുള്ള അടിസ്ഥാനനികുതിനിരക്കും വർധിപ്പിച്ചു. ഗ്രാമപ്പഞ്ചായത്തുകളിൽ നിലവിൽ വീടുകൾക്ക് ചതുരശ്രമീറ്ററിന് ഈടാക്കിയിരുന്ന ഏറ്റവും കുറഞ്ഞതും കൂടിയതുമായ അടിസ്ഥാനനിരക്ക് മൂന്നുമുതൽ എട്ടുരൂപ വരെയായിരുന്നു. അത് ആറുമുതൽ പത്തുരൂപവരെയാക്കി. മുനിസിപ്പാലിറ്റിയിൽ വീടുകൾക്ക് ഈടാക്കിയിരുന്നത് ആറുമുതൽ 15 രൂപവരെയാണ്. ഇത് 8-17 രൂപയാക്കി. കോർപ്പറേഷനുകളിൽ 8-20 രൂപ എന്നത് 10മുതൽ 22രൂപവരെയും. ബജറ്റിൽ പറയാതിരുന്ന വർധനയാണിത്. വർഷംതോറും അടയ്ക്കേണ്ടതാണ് കെട്ടിടനികുതി. കൂട്ടിയ നിരക്കിന്റെ അഞ്ചുശതമാനംവീതം ഓരോവർഷവും കൂടും. ഏപ്രിൽ ഒന്നുമുതലാണിത് പ്രാബല്യത്തിൽ വരുത്തിയത്. പുതിയകെട്ടിടങ്ങൾക്കാണ് അടിസ്ഥാനനികുതിയിൽ വർധന വരുത്തിയതെന്നു തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നുണ്ടെങ്കിലും വിജ്ഞാപനത്തിൽ ഇക്കാര്യം വ്യക്തമാക്കാത്തതിനാൽ ആശയക്കുഴപ്പമുണ്ട്. നിലവിലുള്ള കെട്ടിടങ്ങൾക്ക് ഓരോവർഷവും അഞ്ചുശതമാനംവീതം നികുതിവർധിപ്പിച്ച് ഉത്തരവായിരുന്നു. പുതിയകെട്ടിടങ്ങൾക്ക് അടിസ്ഥാനനികുതി പുതുക്കിയതോടെ സംസ്ഥാനത്ത് രണ്ടുതരത്തിലുള്ള കെട്ടിടനികുതി ഉണ്ടാകും; മാർച്ച് 31-നുമുമ്പും അതിനുശേഷവും നിർമിച്ച കെട്ടിടങ്ങൾ എന്നരീതിയിൽ. ഭാവിയിൽ നിരക്കുകൾ ഒരേതരത്തിലാകുമെന്ന് തദ്ദേശവകുപ്പ് പറയുന്നു. വീടുകളുടെ ഭാഗമായോ ഹോട്ടലുകളുടെ ഭാഗമായോ നിർമിച്ച നീന്തൽക്കുളങ്ങൾ, ജിംനേഷ്യങ്ങൾ, ടർഫുകൾ എന്നിവയ്ക്ക് അതത് വിഭാഗത്തിനുള്ള നികുതിയീടാക്കും. ബങ്കുകൾക്കും പെട്ടിക്കടകൾക്കും നികുതി കുറച്ചിട്ടുണ്ട്. ലോഡ്ജുകൾക്കും ഹോട്ടൽകെട്ടിടങ്ങൾക്കും നികുതികൂടും. അമ്യൂസ്‌മെന്റ് പാർക്കുകൾക്ക് കാര്യമായ വർധനയില്ല. സർക്കാർ ഓഫീസുകൾക്കുപുറമേ മറ്റുള്ളവയുടെ വിഭാഗത്തിൽ ഏതൊക്കെയെന്നുപറഞ്ഞിട്ടില്ല. അടിസ്ഥാനനികുതിയുടെ മേൽ മറ്റുഘടകങ്ങളുടെ മൂല്യം കൂട്ടിച്ചേർത്താണ് അന്തിമനികുതി കണക്കാക്കുന്നത്. മേഖലകൾ തിരിച്ചുള്ള നികുതിക്കും ഇതാണ് അടിസ്ഥാനം. ഈടാക്കേണ്ട പുതിയനിരക്ക് തദ്ദേശസ്ഥാപനങ്ങൾ അതതിടത്തെ പ്രത്യേകത കണക്കിലെടുത്ത് നിശ്ചയിക്കും. സർക്കാർ നിശ്ചയിച്ച അടിസ്ഥാന നിരക്കിനുള്ളിൽ നിന്നാകണമെന്നുമാത്രം

