കുട്ടികളുടെ മുങ്ങിമരണം; കണ്ണീരണിഞ്ഞ് അഡൂർ ദേവറഡുക്ക

അഡൂർ: ഇണപിരിയാത്ത കൂട്ടുകാരായിരുന്നു മുഹമ്മദ് ആഷിഖും മുഹമ്മദ് ഫാസിലും. മരണത്തിലും അവർ വേർപിരിഞ്ഞില്ല. പൂമ്പാറ്റകളെപ്പോലെ പാറിനടന്ന കുഞ്ഞുങ്ങൾ ഇനിയില്ല എന്ന് തിരിച്ചറിഞ്ഞതോടെ ദേവറഡുക്ക കണ്ണീരണിഞ്ഞു. മക്കളുടെ വിയോഗം ഉമ്മമാരെ അറിയിക്കാൻ ബന്ധുക്കൾ ഏറെ പാടുപെട്ടു. അവരുടെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ നാട്ടുകാരിലേക്കും പടർന്നതോടെ ദേവറഡുക്ക കണ്ണീർക്കയത്തിലായി. സഹോദരങ്ങൾക്കൊക്കെ സ്കൂൾ അവധിയായതിനാൽ അവർക്കൊപ്പം കളിക്കാൻ ഈസ്റ്ററിനുശേഷം രണ്ടുപേരും അങ്കണവാടിയിൽ പോയിരുന്നില്ല. 25-ന് ഫാസിലിന് നാലുവയസ്സ് പൂർത്തിയാകും. ആഷിഖിന് മേയ് 28-നും. 11 മണിയോടെ വീടിനടുത്തുള്ള ബദറുദ്ദീന്റെ കടയിൽനിന്ന് മിഠായിയും വാങ്ങി പോയതാണ്. വഴിക്ക് ഉസ്താദിനെക്കണ്ട് സംസാരിച്ചിരുന്നു. 12 മണി കഴിഞ്ഞിട്ടും കാണാത്തതിനാൽ വീട്ടുകാർ കടയിലും പിന്നീട് എല്ലാ വീടുകളിലും അന്വേഷിക്കുകയായിരുന്നു. കുട്ടികളെ കാണാനില്ലെന്ന വാർത്ത പരന്നതോടെ നാട്ടുകാർ പുഴയിൽ രണ്ടുതവണ അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാർ തിരയുന്നത് കണ്ട് പുഴയിൽ മീൻപിടിക്കാൻ വന്നവരാണ് കയത്തിനരികെ ഉടുപ്പ് കിടക്കുന്നുണ്ടെന്ന് പറഞ്ഞത്. ഒരാൾപൊക്കത്തിൽ വെള്ളമുള്ള കയത്തിൽ മുങ്ങിയപ്പോഴാണ് ആഷിഖിന്റെയും ഫാസിലിന്റെയും ചേതനയറ്റ ശരീരം കണ്ടത്. പുഴയിൽ വെള്ളമുണ്ടായിരുന്ന ഏക ഇടമാണിത്. സഹോദരങ്ങളുടെ മക്കളുടെ വേർപാട് നാടിന്റെ തീരാനോവായി. ദേവറഡുക്ക അങ്കണവാടിയിലെ മിടുക്കരായ വിദ്യാർഥികളായിരുന്നു അവരെന്ന് അങ്കണവാടി അധ്യാപിക ദയാവതി സങ്കടത്തോടെ പറയുന്നു. മിഠായി വാങ്ങിക്കാൻ വന്ന കുട്ടികൾ അരമണിക്കൂറോളം കടയിലും പരിസരങ്ങളിലും ഓടിക്കളിച്ചശേഷം പോയത് മരണത്തിലേക്കാണെന്ന് അറിഞ്ഞില്ലെന്ന് കടക്കാരൻ ബദറുദ്ദീൻ കണ്ണീരൊപ്പിക്കൊണ്ട് പറഞ്ഞു. രണ്ടുപേരുടെയും ഉപ്പമാർ സൗദി അറേബ്യയിലാണ്. മരണവിവരമറിഞ്ഞ ഷാഫി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്

