വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടിന് പഴുതുണ്ടെന്ന് യുഎസ്. ഇന്റലിജൻസ് ഡയറക്ടർ

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ എളുപ്പമാണെന്നും കടലാസ് ബാലറ്റിലേക്ക് തിരിച്ചു പോകണമെന്നും അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ്. കഴിഞ്ഞ ദിവസം യുഎസ് കാബിനറ്റ് യോഗത്തിലാണ് തുൾസി ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.
ഈ യോഗത്തിൽ വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാനുള്ള സാധ്യതകളുടെ തെളിവുകളും തുൾസി നൽകിയെന്നാണ് റിപ്പോർട്ട്. എന്നാൽ, ഗബ്ബാർഡിന്റെ പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയിൽ, ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ ലോകത്തിൽ ഏറ്റവും മികച്ചതും ലളിതവുമാണെന്ന വാദവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ രംഗത്തെത്തി. വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ എളുപ്പമാണെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം യുഎസ് കാബിനറ്റ് യോഗത്തിൽ തുൾസി പറഞ്ഞത്. വോട്ടുകൾ ചൂഷണം ചെയ്യാനും തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനും സാധിക്കുമെന്നതിന് തെളിവുണ്ട്. അതിനാൽ ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടു വരണം. ഇത് തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടാകുമെന്നും തുൾസി അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷപാർട്ടികൾ വോട്ടിങ് യന്ത്രത്തിനെതിരേ കടുത്ത പ്രതിഷേധം തുടരുന്നതിനിടയിലാണ് തുൾസിയുടെ പരാമർശം.
ഗബ്ബാർഡിനുള്ള വിശദീകരണം
ഗബ്ബാർഡിന്റെ പ്രസ്താവനയോടുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങളുടെ വിശദീകരണം ഇങ്ങനെ:
* പല രാജ്യങ്ങളിലും ഇലക്ട്രോണിക്സ് വോട്ടിങ് സംവിധാനത്തിൽ ഇന്റർനെറ്റ് അടക്കമുള്ള സ്വകാര്യ നെറ്റ്വർക്കുകളുണ്ട്
* ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ കൃത്യതയുള്ള കാൽക്കുലേറ്ററുകളെപ്പോലെ ലളിതമായ സംവിധാനമാണ്
* ഇന്റർനെറ്റ്, വൈഫൈ, ഇൻഫ്രാറെഡ് എന്നിവയുമായി ബന്ധമില്ല
* ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ സുപ്രീംകോടതി പരിശോധന കഴിഞ്ഞതാണ്
* വോട്ടെടുപ്പിനു മുൻപ് മോക്ക് വോട്ടിങ് നടത്തി വിലയിരുത്തുന്നു.
* വോട്ടർമാർക്ക് വിവിപാറ്റ് സ്ലിപ്പുകളിൽ രേഖപ്പെടുത്തുന്നതെന്തെന്ന് കാണാനാകും
* വോട്ടെണ്ണൽ വേളയിൽ രാഷ്ട്രീയപ്പാർട്ടികൾക്ക് മുന്നിൽ അഞ്ചു കോടിയിലേറെ പേപ്പർ ട്രെയിൽ മെഷീൻ സ്ലിപ്പുകൾ പരിശോധന നടത്തും
* സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കുന്ന യന്ത്രങ്ങളിൽ കൃത്രിമം നടത്താനുള്ള മാർഗങ്ങളില്ല

