KSDLIVENEWS

Real news for everyone

അനാച്ഛാദനം ചെയ്തത് ഭാവമാറ്റമുള്ള അശോക ചിഹ്നം, മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ നേതാവ്

SHARE THIS ON

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ അനാച്ഛാദനം ചെയ്ത അശോക ചിഹ്നം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ നേതാവ് ജാവര്‍ സിര്‍ക്കാര്‍. യഥാര്‍ഥ ദേശീയ ചിഹ്നത്തില്‍ സിംഹങ്ങള്‍ക്ക് ഉള്ള ഭാവമല്ല പാര്‍ലമെന്‍റ് മന്ദിരത്തില്‍ നിര്‍മിച്ചിരിക്കുന്നതിന് എന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചത്. ശില്‍പം ഉടന്‍ തന്നെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെയാണ് പ്രധാനമന്ത്രി പാര്‍ലമെന്‍റ് മന്ദിരത്തില്‍ പ്രത്യേക ചടങ്ങുകളോടെ അശോക ചക്രം അനാച്ഛാദനം ചെയ്തത്.


ശരിക്കുള്ള ദേശീയ ചിഹ്നത്തില്‍ സിംഹങ്ങളുടെ ഭാവം ഭംഗിയുള്ളതും, ആത്മവിശ്വാസമുള്ളതുമാണെന്നും പാര്‍ലമെന്‍റില്‍ സ്ഥാപിച്ചിരിക്കുന്നവയില്‍ ആക്രോശത്തിന്‍റെ ഭാവമാണെന്നുമാണ് സിര്‍ക്കാറിന്റെ വാദം. ഇത് താരതമ്യം ചെയ്യുന്ന ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പാര്‍ലമെന്‍റില്‍ നിര്‍മിച്ചിരിക്കുന്നത് മോദിയുടെ വശമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. തൃണമൂല്‍ എം.പിയായ മഹുവ മൊയ്ത്രയും ഇതേ അഭിപ്രായം ട്വിറ്ററില്‍ കുറിച്ചിരുന്നു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ് ദേശീയ ചിഹ്നം നിര്‍മിച്ചിട്ടുള്ളത്. വെങ്കലത്തില്‍ തീര്‍ത്ത ശില്‍പത്തിന് 9,500 കിലോഗ്രാം തൂക്കവും ആറര മീറ്റര്‍ പൊക്കവുമുണ്ട്. ശില്‍പ്പത്തെ താങ്ങി നിര്‍ത്തുന്നതിനായി 6,500 കിലോഗ്രാം തൂക്കമുള്ള സ്റ്റീലിന്‍റെ നിര്‍മിതിയും ചേര്‍ത്തിട്ടുണ്ട്. എട്ട് ഘട്ടങ്ങളിലൂടെയാണ് ശില്‍പം പൂര്‍ത്തീകരിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!