ലോട്ടറിയെടുത്ത് കടത്തിലായി, മോഷ്ടിച്ച സ്വർണം കുറ്റിക്കാട്ടിൽ; അറസ്റ്റിലായത് വൈദികന്റെ മൂത്തമകൻ

പാമ്പാടി : പട്ടാപ്പകൽ വൈദികന്റെ വീട്ടിൽ കവർച്ചനടത്തിയ സംഭവത്തിൽ മകൻ പോലീസ് പിടിയിൽ. കൂരോപ്പട പുളിഞ്ചുവട് ഇലപ്പനാൽ ഷിനോ നൈനാൻ ജേക്കബിനെ (36)യാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. പാമ്പാടി കൂരോപ്പട ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് കവർച്ച നടന്നത്. 50 പവൻ സ്വർണാഭരണങ്ങളും നാല്പതിനായിരത്തോളം രൂപയുമാണ് വീട്ടിൽനിന്ന് മോഷണം പോയത്. വൈദികന്റെ മൂത്തമകനാണ് അറസ്റ്റിലായത്. സാമ്പത്തികബാധ്യതകൾ തീർക്കാനാണ് കവർച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.
വൻതോതിൽ ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള ആളായതിനാൽ വലിയ സാമ്പത്തികബാധ്യത ഉണ്ടായിരുന്നു. മോഷ്ടിച്ചെടുത്ത സ്വർണത്തിൽ 30 പവനോളം സ്വർണവും പണവും അയൽപക്കത്തെ പുരയിടത്തിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവച്ചനിലയിൽ കണ്ടെത്തിയിരുന്നു. 21 പവനോളം സ്വർണാഭരണങ്ങൾ പുരയിടത്തിലും വഴിയിലുമായികിടന്ന് തിരികെ ലഭിച്ചിരുന്നു.
ചൊവ്വാഴ്ച വൈകീട്ടാണ് ഫാ. നൈനാന്റെ വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിക്കപ്പെട്ടത്. വൈദികനും ഭാര്യയും വൈകീട്ട് പള്ളിയിലേയ്ക്കുപോയ സമയത്തായിരുന്നു കവർച്ച. വീടിനെക്കുറിച്ചും വൈദികൻ പോയിവരുന്ന സമയവും സംബന്ധിച്ച് വ്യക്തമായ വിവരമുള്ളവരാണ് കവർച്ചക്ക് പിന്നിലെന്ന് പോലീസ് സംശയിച്ചിരുന്നു.M

