KSDLIVENEWS

Real news for everyone

കനത്ത മഴ, ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; നെഹ്‌റു ട്രോഫി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയില്ല

SHARE THIS ON

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥകാരണം അദ്ദേഹത്തിന് ചടങ്ങിനെത്താനായില്ല. കനത്ത മഴകാരണം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ സാധിച്ചില്ല. ഒമ്പത് വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ മത്സരിക്കുന്നത്. 19 ചുണ്ടന്‍വള്ളങ്ങള്‍ കൂടാതെ ചുരുളന്‍- മൂന്ന്, ഇരുട്ടുകുത്തി എ ഗ്രേഡ്- നാല്, ബി ഗ്രേഡ്- 15, സി ഗ്രേഡ്- 13, വെപ്പ് എ ഗ്രേഡ്- ഏഴ്, ബി ഗ്രേഡ്- നാല്, തെക്കനോടി തറ- മൂന്ന്, തെക്കനോടി കെട്ട്- നാല് എന്നിങ്ങനെയാണു മറ്റുള്ളവയുടെ എണ്ണം. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് രാവിലെ 11 മണിയോടെ ആരംഭിച്ചു. ഉദ്ഘാടനത്തിന് ശേഷം ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ നടന്നു. ആദ്യ ഹീറ്റ്‌സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി. യു.ബി.സി. കൈനകരി തുഴഞ്ഞ നടുഭാഗം, കേരള പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാട്ടിൽ തെക്കേതിൽ തലവടി ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ തലവടി, കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍വള്ളങ്ങള്‍ തുടര്‍ന്നുള്ള ഹീറ്റ്‌സില്‍ ഒന്നാമതെത്തി. ചെറുവള്ളങ്ങളുടെ ഫൈനലിന് ശേഷം ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ നടക്കും. ഇത്തവണത്തെ നെഹ്‌റുട്രോഫി ജലോത്സവം ആര് ഉദ്ഘാടനം ചെയ്യുമെന്നതു സംബന്ധിച്ച് അവസാനദിവസംവരെ അനിശ്ചിതത്വമായിരുന്നു. അഞ്ചു മന്ത്രിമാര്‍ പങ്കെടുക്കുമെന്നു മാത്രമേ കഴിഞ്ഞദിവസങ്ങളില്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്ന് അറിയിച്ചിരുന്നുള്ളൂ. ഇതിനിടെ മുഖ്യമന്ത്രിക്കായി ശ്രമം തുടരുകയായിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയും തീരുമാനമായില്ല. വെള്ളിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പായത്. എന്നാല്‍, കാലാവസ്ഥമോശമായതോടെ അദ്ദേഹത്തിന് അവസാന നിമിഷം എത്താന്‍ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!