ജന്തർ മന്തർ ‘സീസൺ 2’ ഉടൻ; തുടർ സമരങ്ങളിലേക്കെന്ന സൂചന നൽകി അഭിജിത് ദീപ്കെ

ന്യൂഡൽഹി: പോരാട്ടം കൂടുതൽ ശക്തമാക്കിക്കൊണ്ട് തുടർ സമരങ്ങളിലേക്കെന്ന സൂചന നൽകി സിജെപി. ജന്തർ മന്തർ ‘സീസൺ 2’ വളരെ വേഗം ആരംഭിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ വ്യക്തമാക്കി. ഡൽഹിയിൽ വളണ്ടിയർ മീറ്റിങ് നടത്തുന്നതിനായി മുറികൾ വാടകയ്ക്ക് നൽകാൻ ഉടമകൾ തയ്യാറാകുന്നില്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. മുകളിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടെന്നും അതിനാൽ സിജെപിക്ക് ഹാൾ നൽകാൻ സാധിക്കില്ലെന്നുമാണ് ഹാൾ ഉടമകൾ അറിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിജെപി മീറ്റിങ് നടത്താൻ അനുവദിച്ചാൽ ഹാൾ ഉടമകളെ തൂക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ദീപ്കെ വെളിപ്പെടുത്തി. ഇതെല്ലാം ചെയ്യുന്നത് ബിജെപിയാണെന്നും ഇത്തരം പ്രവൃത്തികൾ സിജെപിയെ ഭയപ്പെടുത്തുമെന്ന് കരുതുന്നുവെങ്കിൽ അത് വെറുതെ ആണെന്നും ദീപ്കെ വ്യക്തമാക്കി.
അതേസമയം, സിജെപിക്കെതിരായ പ്രതികാര നടപടി പൊലീസ് തുടരുകയാണെന്നും പൊലീസ് വീട്ടിലെത്തി ഉപദ്രവിക്കുന്നതായും സിജെപി വക്താവ് സൗരവ് ദാസ് ആരോപിച്ചു. തന്റെ പോണ്ടിച്ചേരിയിലെ കുടുംബവീട്ടിൽ പൊലീസ് എത്തി വീട്ടുകാരെ പലതരം ചോദ്യം ചെയ്യലുകൾക്ക് വിധേയരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് കുടുംബത്തെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭയപ്പെടുത്തി നിശബ്ദനാക്കുകയാണ് ലക്ഷ്യമെങ്കിൽ, അത് നടപ്പിലാകില്ലെന്നും സൗരവ് ദാസ് വ്യക്തമാക്കി.

