ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ റഡാറിൽ: മിസൈൽ ഭീഷണിയും; ട്രംപ് വിമാനം മാറിയതിന്റെ കാരണം പുറത്ത്

വാഷിങ്ടൻ∙ കഴിഞ്ഞ മാസം തുർക്കിയിലെ അങ്കറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തങ്ങിയിരുന്ന കൃത്യമായ സ്ഥലം ഇറാൻ അറിഞ്ഞിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ വിമാനത്തെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ ഭീഷണിയുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ട്രംപ് സഞ്ചരിക്കുന്ന വിമാനത്തിനു നേരെ തൊടുക്കാവുന്ന ഉപരിതല –വ്യോമ മിസൈൽ ഭീഷണി അധികൃതർ കണ്ടെത്തിയതായി രണ്ട് യുഎസ് ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. നാറ്റോ ഉച്ചകോടിയുടെ വേദിക്കടുത്തായി ആയുധവുമായി ഒരാളെ കണ്ടതായും ട്രംപ് താമസിച്ച ഹോട്ടലിലെ ഏത് നിലയിലാണ് അദ്ദേഹമുള്ളതെന്ന് ഇറാൻ ഏജന്റുമാർക്ക് അറിയാമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ഈ മുന്നറിയിപ്പുകളെ തുടർന്നാണ് ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിനു പകരം മറ്റൊരു സൈനിക വിമാനത്തിൽ ട്രംപ് യാത്ര ചെയ്തത്. തുർക്കിയിലെ അങ്കറയിൽ നാറ്റോ ഉച്ചകോടിക്കു ശേഷം ട്രംപ് ബ്രിട്ടനിലേക്കാണ് സഞ്ചരിച്ചത്. പോയത് എയർഫോഴ്സ് വണിൽ ആണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചശേഷം ആർക്കും സംശയം തോന്നാത്ത ചെറിയൊരു സൈനിക വിമാനത്തിലായിരുന്നു യാത്ര.
അങ്കറയിൽ ചാനൽ ക്യാമറകളോടു കൈവീശിക്കാണിച്ച് എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ ട്രംപ് മിനിറ്റുകൾക്കകം രഹസ്യമായി മറ്റൊരു വാതിൽവഴി പുറത്തിറങ്ങി. അവിടെ, വിമാന വാതിലിന്റെ അതേ പൊക്കത്തിലേക്ക് ഉയർത്തിയ നിലയിൽ കാത്തുനിന്ന കേറ്ററിങ് ട്രക്കിലേക്കു കയറി. ഭക്ഷണവും മറ്റുമായി റൺവേയ്ക്കരികിലൂടെ നീങ്ങിയ ട്രക്കിൽ യുഎസ് പ്രസിഡന്റ് ഉണ്ടെന്ന് ആരും സംശയിച്ചില്ല. അൽപമകലെയുള്ള സൈനിക വിമാനത്തിന്റെ (എയർഫോഴ്സ് സി32 എ) അടുത്തെത്തി ട്രക്ക് നിന്നതും ട്രംപ് ഇറങ്ങി അതിലേക്കു കയറി.
ട്രംപ് അകത്തിരിപ്പുണ്ടെന്ന മട്ടിൽ യഥാർഥ എയർഫോഴ്സ് വൺ വിമാനം പറന്നുയർന്നപ്പോൾ, മാധ്യമസംഘമോ വൈറ്റ് ഹൗസ് ജീവനക്കാരോ സത്യം തിരിച്ചറിഞ്ഞതേയില്ല. ടേക്ക് ഓഫ് നടക്കുകയാണ്, വിൻഡോ ഷേഡ് താഴ്ത്തണം എന്നു നിർദേശിച്ചതിനാൽ പുറത്തു നടന്നതൊന്നും ആരും കണ്ടില്ല.യുകെയിലെ മിൽഡൽഹോളിൽ ആദ്യമെത്തിയ എയർഫോഴ്സ് വണിലേക്ക് പിന്നാലെയുള്ള വിമാനത്തിലെത്തിയ ട്രംപ് ആരും കാണാതെ മാറിക്കയറുകയായിരുന്നു.

