KSDLIVENEWS

Real news for everyone

ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം യുഎസ്സിനെന്ന് ട്രംപ്; ‘ദൈവത്തിന് സ്തുതി’ പറഞ്ഞ് പോസ്റ്റ്

SHARE THIS ON

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയ്ക്കാണ് എന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യുഎസ് നാവികസേനയുടെ ഉപരോധത്തെ ‘ഉരുക്ക് മതിൽ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഈ തന്ത്രപ്രധാനമായ ജലപാത ഇപ്പോൾ തങ്ങളുടെ അധീനതയിലാണെന്നും അത് തങ്ങൾ തന്നെ ‘കൈവശം സൂക്ഷിക്കു’മെന്നും പ്രഖ്യാപിച്ചു.

ബുധനാഴ്ച, ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്. ഇക്കാര്യത്തിൽ ഇറാന് ഇനി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന് സ്വന്തമായി നാവികസേനയോ വ്യോമസേനയോ ഇല്ലെന്നും അവരുടെ സൈനികർക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ഹോർമുസ് കടലിടുക്കിന്മേൽ യുഎസ്സിന് പൂർണ നിയന്ത്രണമുണ്ട്. അത് നമ്മൾ തന്നെ കൈവശം സൂക്ഷിക്കുമെന്നാണ് ഞാൻ കരുതുന്നത്! നമ്മുടെ നാവിക ഉപരോധത്തെ എല്ലാവരും ‘ഉരുക്കു മതിൽ’ എന്നാണ് വിളിക്കുന്നത്, ഇറാന് ഇതിൽ ഇനി ഒന്നും ചെയ്യാൻ കഴിയില്ല.’ അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർ (IRGC) ‘തകർന്നുകൊണ്ടിരിക്കുകയാണെന്നും അവർ ജീവനും കൊണ്ട് ഓടുകയാണ്’ എന്നും അദ്ദേഹം പരിഹസിച്ചു. ഇറാൻ ഇനി പശ്ചിമേഷ്യയിലെ ‘ഗുണ്ട’ (Bully) അല്ലെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിച്ചത്; ഒപ്പം ‘അല്ലാഹുവിന് സ്തുതി!’ എന്നും അദ്ദേഹം കുറിച്ചു. 

പശ്ചിമേഷ്യയിലൂടെയുള്ള ഊർജ്ജത്തിന്റെയും മറ്റ് ഉൽപ്പന്നങ്ങളുടെയും സുഗമമായ ഒഴുക്കിന് നിർണായകമായ ഈ തന്ത്രപ്രധാനമായ ജലപാതയുടെ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുന്നുണ്ട്; എന്നാൽ ഇറാൻ ഈ വാദത്തെ ശക്തമായി തള്ളിക്കളയുന്നു.

യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുകയും, തങ്ങളുടെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുകയും, ഉപരോധങ്ങൾ നീക്കുകയും, യുദ്ധകാലത്തുണ്ടായ നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകുകയും ചെയ്യുന്നതുവരെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 28-ന് ട്രംപ് ആരംഭിച്ച യുദ്ധത്തോടുള്ള പ്രതികരണമായി, ഹോർമുസിൽ ഇറാൻ സ്വന്തമായി ഒരു ടോൾ സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ, തങ്ങൾ നിശ്ചയിച്ച പാത മറികടക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് നിരവധി കപ്പലുകൾക്ക് നേരെ അവർ പലതവണ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്.

തങ്ങളുടെ നിബന്ധനകൾ ശത്രുക്കൾ അംഗീകരിക്കുന്നത് വരെ ഉപരോധം തുടരുക എന്നതാണ് തങ്ങളുടെ തന്ത്രമെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് ഞായറാഴ്ച വ്യക്തമാക്കി. ‘ശത്രു നമ്മുടെ എല്ലാ നിബന്ധനകളും അംഗീകരിക്കുന്നതുവരെ… ഈ കടലിടുക്ക് ഇപ്പോൾ ഞങ്ങൾക്ക് കേവലം ഒരു ജലപാതയല്ല, മറിച്ച് യഥാർത്ഥത്തിൽ ഒരു യുദ്ധരംഗമാണ്.’ അവർ പറഞ്ഞു.

നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഹോർമുസ് അടച്ചിട്ടത് യുഎസിൽ വിലക്കയറ്റം സൃഷ്ടിക്കുകയും ട്രംപിന് രാഷ്ട്രീയമായി തലവേദന ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഞായറാഴ്ച ആക്‌സിയോസിനോട് (Axios) സംസാരിക്കവെ ട്രംപ് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. ‘ഞങ്ങൾ ഇത് വളരെ ശാന്തമായാണ് കൈകാര്യം ചെയ്യുന്നത്.’ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

‘ഞങ്ങൾ അവരുമായി ചെറിയതോതിൽ മാത്രമേ ചർച്ചകൾ നടത്തുന്നുള്ളൂ. അവരുടെ വൻതോതിലുള്ള പണപ്പെരുപ്പവും അവരുടെ പക്കൽ പണമില്ല എന്ന വസ്തുതയും ഞങ്ങൾ നിരീക്ഷിച്ചു വരികയാണ്.’ അദ്ദേഹം പറഞ്ഞു. ‘ഇത് വിജയകരമായി പരിഹരിക്കപ്പെടും. ഇതൊരു ചെസ്സ് കളി പോലെയാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തങ്ങൾ ഇടനിലക്കാർ വഴി അമേരിക്കയുമായി ‘സന്ദേശങ്ങൾ കൈമാറുക’ മാത്രമാണ് ചെയ്യുന്നതെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!