സ്ത്രീസുരക്ഷ: ഒറ്റപ്പെട്ട സംഭവങ്ങൾ ഒറ്റപ്പെട്ടത്; ആഭ്യന്തര വകുപ്പ് ഗൂഢസംഘത്തിന്റെ കയ്യിലല്ല’

തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവങ്ങൾ ഒറ്റപ്പെട്ടതുതന്നെയാണെന്നും അതിനെ പർവതീകരിക്കുന്ന നിലയുണ്ടാക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ആലുവ പീഡനക്കേസുമായി ബന്ധപ്പെടുത്തി സംസ്ഥാനത്തെ സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനങ്ങൾ അഭിമാനിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ഒറ്റപ്പെട്ട സംഭവങ്ങൾ ഒറ്റപ്പെട്ടതുതന്നെയാണ്. അതിനെ പർവതീകരിച്ച് കേരളത്തിൽ ആകെ ഇങ്ങനെയാണെന്ന് ചിത്രീകരിക്കരുത്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്. ഏതു ഗൂഢസംഘമാണ് ആഭ്യന്തര വകുപ്പിനെ ഇവിടെ നയിക്കുന്നത്. ആഭ്യന്തര വകുപ്പ് അതിന്റേതായ സംവിധാനം വച്ചാണ് പ്രവർത്തിക്കുന്നത്. അവർക്കുവേണ്ടിയുള്ള രാഷ്ട്രീയ പ്രചാരണത്തിനായി നാടിനെ അപഹസിക്കാനും നിലനിൽക്കുന്നതിനെ താറടിച്ചുകാണിക്കാനുള്ള ബോധപൂർവമായ നീക്കമായി മാത്രമേ ഇതിനെ കാണാനാകൂ. അഭ്യന്തര വകുപ്പ് ഒരു ഗൂഢസംഘത്തിന്റെയും കയ്യിലല്ല. ആരാണോ ചുമതലക്കാരന്, ആ ആള് തന്നെയാണ് നയിക്കുന്നത്. രാഷ്ട്രീയപ്രചാരണത്തിനായി നാടിനെയാകെ അപഹസിക്കരുത്.
ആലുവ ഗസ്റ്റ് ഹൗസിൽ സുരക്ഷ ഒരുക്കുമ്പോൾ നാട്ടിലെ മറ്റു നടപടികളെ ബാധിക്കുമെന്ന ആക്ഷേപത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. ‘‘പട്രോളിങ്, ലോക്കൽ ഡ്യൂട്ടി, തുടങ്ങിയ ചുമതല വഹിക്കുന്നവരെ അതിൽത്തന്നെ നിർത്തുന്നുണ്ട്. അതിൽ മറ്റു തടസ്സങ്ങളില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ രാജ്യത്തുതന്നെ മികച്ച റെക്കോർഡ് ആണ് കേരളത്തിനുള്ളത്. ചില പ്രദേശങ്ങളിൽ ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നത് വസ്തുതയാണ്. ഇതു നമുക്ക് മറികടക്കാനാകണം. ഇതിൽ എല്ലാ പൊതു പ്രസ്ഥാനങ്ങളുടെയും ബോധപൂർവമായ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്’’ – മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആലുവ ഗസ്റ്റ് ഹൗസിൽ അന്നു ഞാനുണ്ടായിരുന്നുവെന്നത് ശരിയാണ്. പിറ്റേദിവസം രാവിലെ ബഹുമാന്യനായ അംഗം എന്നെ വിളിക്കുകയും ചെയ്തു. ആ സംഭവം അറിഞ്ഞ് അവിടെയുള്ള ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി കാര്യങ്ങൾ ചർച്ച ചെയ്യാനും എനിക്കു കഴിഞ്ഞിരുന്നു. കുട്ടിയുടെ പിതാവിന്റെ കരച്ചിലിനോട് നാട് കൂടിച്ചേരുകയാണ് ചെയ്തത്. ആ സംഭവത്തെ ആരും അപലപിക്കാതിരുന്നില്ല. സംഭവത്തിൽ ആഭ്യന്തര വകുപ്പിന് വീഴ്ചയുണ്ടായിട്ടില്ല. പ്രതിയെ പിടികൂടാൻ എല്ലാവരുടെയും സഹായമുണ്ടായിട്ടുണ്ട്’’ – മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, രാത്രികാലങ്ങളിൽ പട്രോളിങ് നടക്കാത്തതിനാൽ പെരുമ്പാവൂർ, ആലുവ, അങ്കമാലി തുടങ്ങിയ പ്രദേശങ്ങളിലുണ്ടാകുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ തടയാൻ നടപടി ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷത്തുനിന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ‘‘പെട്രോളടിക്കാൻ പൈസ പോലും പൊലീസുകാർക്ക് ഇല്ലെന്നാണ് അന്വേഷിച്ചപ്പോൾ മനസ്സിലായത്. ഇത്തരം കാര്യങ്ങൾ ഗൗരവപൂർവം പരിശോധിക്കാൻ തയാറാകണം. രണ്ടു സംഭവങ്ങൾ ഉണ്ടായി’’ – ചെന്നിത്തല കൂട്ടിച്ചേർത്തു.
പട്രോളിങ് ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്കു കർശന നിർദേശം നൽകിയിരുന്നുവെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ‘‘പെട്രോളടിക്കാൻ കാശില്ലാത്തതുകൊണ്ട് എവിടെയും വണ്ടി മുടങ്ങിപ്പോയിട്ടില്ല. പക്ഷേ, കുറച്ചു വിഷമങ്ങൾ ഉണ്ടെന്നുള്ളത് ശരിയാണ്. സാമ്പത്തിക കാര്യങ്ങളിൽ പ്രതിസന്ധിയുണ്ട്. പൊലീസിന് ആവശ്യമായ സേനാബലമുണ്ട്. കൂടുതൽ അംഗബലത്തെക്കുറിച്ച് സർക്കാരും പരിശോധിക്കുന്നുണ്ട്. നിയമന നിരോധനമില്ല’’ – മുഖ്യമന്ത്രി വ്യക്തമാക്കി.
ആലുവ ഗസ്റ്റ് ഹൗസിൽ സുരക്ഷ ഒരുക്കുമ്പോൾ നാട്ടിലെ മറ്റു നടപടികളെ ബാധിക്കുമെന്ന ആക്ഷേപത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. ‘‘പട്രോളിങ്, ലോക്കൽ ഡ്യൂട്ടി, തുടങ്ങിയ ചുമതല വഹിക്കുന്നവരെ അതിൽത്തന്നെ നിർത്തുന്നുണ്ട്. അതിൽ മറ്റു തടസ്സങ്ങളില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ രാജ്യത്തുതന്നെ മികച്ച റെക്കോർഡ് ആണ് കേരളത്തിനുള്ളത്. ചില പ്രദേശങ്ങളിൽ ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നത് വസ്തുതയാണ്. ഇതു നമുക്ക് മറികടക്കാനാകണം. ഇതിൽ എല്ലാ പൊതു പ്രസ്ഥാനങ്ങളുടെയും ബോധപൂർവമായ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്’’ – മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

