KSDLIVENEWS

Real news for everyone

ഉത്രയുടെ മകന്‍ ഇപ്പോള്‍ ധ്രുവ് അല്ല, ആര്‍ജവാണ്; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് കുടുംബം

SHARE THIS ON

അഞ്ചൽ: ഉത്ര വധക്കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ഉത്രയുടെ അച്ഛനും അമ്മയും. കേസു നടത്തുമ്പോൾ ഒരുപാട് മാനസികസംഘർഷം ഉണ്ടായതായി വിജയസേനൻ പറഞ്ഞു. കേസിന്റെ വാദം നടക്കുമ്പോൾതന്നെ പ്രതികളുടെ ആൾക്കാരിൽനിന്നു സാക്ഷികൾക്ക് ഭീഷണി നേരിടേണ്ടിവന്നു.

മൊഴികൊടുക്കാനെത്തിയ വാവാ സുരേഷിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും സർക്കാരിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിച്ചത്. ഭാവിയിൽ ആർക്കും ഇതുപോലെയുള്ള ദുരന്തം ഉണ്ടാകരുത്. അതുകൊണ്ട് പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുകതന്നെവേണം.


ഉത്രയുടെ മകൻ ഇപ്പോൾ ആർജവാണ്

അഞ്ചൽ: രണ്ടുവയസ്സും അഞ്ചുമാസവും പ്രായമുള്ള ഉത്രയുടെ മകൻ ഇപ്പോൾ ധ്രുവ് അല്ല, ആർജവാണ്. അച്ഛൻ സൂരജും അച്ഛന്റെ വീട്ടുകാരും ഇട്ട ധ്രുവ് എന്നപേര് ഉത്രയുടെ വീട്ടുകാർ മാറ്റി ആർജവെന്നാക്കി. ആർജവത്തോടെ ഈ ലോകത്ത് ജീവിക്കേണ്ട കുട്ടിയായതുകൊണ്ടാണ് ആർജവ് എന്ന പേരുനൽകിയതെന്ന് ഉത്രയുടെ അച്ഛൻ പറഞ്ഞു. ആർജവിന് ഒരു വയസ്സുള്ളപ്പോഴായിരുന്നു ഉത്രയുടെ മ
രണം.


പ്രതികരിക്കാതെ സൂരജിന്റെ കുടുംബം; വീട് അടച്ചിട്ടനിലയിൽ

അടൂർ:തിങ്കളാഴ്ച രാവിലെമുതൽ പ്രതി സൂരജിന്റെ പറക്കോട്ടെ ശ്രീസൂര്യ വീട് അടഞ്ഞായിരുന്നു. സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയുമാണ് ഇവിടെ താമസം.

മാധ്യമപ്രവർത്തകർ ഇവിടെ എത്തിയിരുന്നു. അയൽപക്കക്കാർക്ക് ഇവർ എവിടെപ്പോയെന്ന് അറിവില്ലായിരുന്നു. എന്നാൽ, സൂരജിന്റെ അമ്മ വീട്ടിലുണ്ടെന്നും അച്ഛനും സഹോദരിയും കോടതിയിൽ പോയിരിക്കാമെന്നും ചിലർ സംശയം പ്രകടിപ്പിച്ചു. കേസിന്റെ ആദ്യഘട്ടത്തിൽ സൂരജിന്റെ അച്ഛനും അമ്മയും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.


വധശിക്ഷ അർഹിക്കുന്നതെന്ന് പ്രോസിക്യൂട്ടർ

കൊല്ലം : സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എന്നനിലയിൽ ഒരു കൊലപാതകക്കേസിൽ ആദ്യമായാണ് താൻ വധശിക്ഷ ആവശ്യപ്പെടുന്നതെന്ന് ഉത്ര കേസിലെ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് കോടതിയെ അറിയിച്ചു.

സമൂഹവും നിയമവും ആവശ്യപ്പെടുന്ന ഒന്നാണ് ഈ കേസിൽ വധശിക്ഷ എന്നായിരുന്നു വാദം. സമൂഹമനസ്സാക്ഷിയെ പൊതുവേ ഞെട്ടിക്കുന്ന സംഭവങ്ങളിൽ വ്യക്തിപരമായ താത്പര്യങ്ങൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കുമപ്പുറം വധശിക്ഷ നൽകേണ്ട സാഹചര്യമുണ്ടെന്ന് 2004-ലെ സുശീല മുർമു കേസിലെ വിധി ചൂണ്ടിക്കാട്ടുന്നു. അതിലെ സമൂഹം ആവശ്യപ്പെടുന്ന അഞ്ച് സാഹചര്യങ്ങളിൽ നാലും ഈ കേസിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.


പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകനായ ജിത്തു എസ്.നായർ ഹാജരായി. പ്രതിയുടെ പ്രായവും മാനസാന്തരത്തിനുള്ള സാഹചര്യവും കുറഞ്ഞശിക്ഷ നൽകാനുള്ള അനുകൂലഘടകമായി പരിഗണിക്കണമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു തനിക്ക് അച്ഛനും അമ്മയും ഉണ്ട്, അവരെ സംരക്ഷിക്കണമെന്നാണ് സൂരജ് മറുപടിനൽകിയത്.

വിധികേൾക്കാൻ വാവാ സുരേഷും

കൊല്ലം: വിധികേൾക്കാൻ വാവാ സുരേഷും തിങ്കളാഴ്ച കൊല്ലം കോടതിയിലെത്തി. ഉത്ര പാമ്പുകടിയേറ്റു മരിച്ച സംഭവം അവരുടെ ബന്ധു ശ്രദ്ധയിൽപ്പെടുത്തിയപ്പോൾത്തന്നെ ഇതിൽ സംശയം പ്രകടിപ്പിച്ചിരുന്നയാളാണ് സുരേഷ്.


അണലി രണ്ടാംനിലയിലെത്തിയെന്നതും ഉത്രയുടെ മുറിയിൽ മൂർഖൻ എത്തിയെന്നതും അസ്വാഭാവികമാണെന്ന് സുരേഷ് അന്നുതന്നെ പറഞ്ഞിരുന്നു. കുറച്ചുദിവസം കഴിഞ്ഞ് വീട് സന്ദർശിച്ചിരുന്നു. പാമ്പ് ജനലിലൂടെ ഇഴഞ്ഞുപോയതിന്റെ അടയാളമില്ലായിരുന്നു. സാധാരണഗതിയിൽ പാമ്പ് എത്താനുള്ള ഒരു സാധ്യതയുമില്ലെന്ന് മനസ്സിലാക്കുകയും ഇത് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തിരുന്നെന്ന് സുരേഷ് പറയുന്നു. സുരേഷിനെ കോടതി വിസ്തരിക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!