ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ചിതാഭസ്മവും വഹിച്ചുക്കൊണ്ടുള്ള പ്രതിഷേധ യാത്രയ്ക്ക് ഇന്ന് തുടക്കം

ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ചിതാഭസ്മവും വഹിച്ചുക്കൊണ്ടുള്ള പ്രതിഷേധ യാത്രയ്ക്ക് ഇന്ന് തുടക്കം. കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അതേസമയം, പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന കേന്ദ്രമന്ത്രിയുടെ മകന് ആശിഷ് മിശ്ര ടേനിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. (protest ashes farmers Lakhimpur)
കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചുകയറ്റിയ സംഭവം നടന്ന ടികുനിയ ഗ്രാമത്തില്‍ നിന്നുതന്നെയാണ് ചിതാഭസ്മ കലശയാത്രയ്ക്കും തുടക്കം. ആദ്യം ശ്രാദ്ധ ചടങ്ങുകള്‍ നടത്തും. അതിന് ശേഷമാണ് നാല് കര്‍ഷകരുടെയും ഒരു മാധ്യമപ്രവര്‍ത്തകന്റെയും ചിതാഭസ്മം വഹിച്ചുള്ള കലശയാത്ര ആരംഭിക്കുക.
Read Also : ലഖിംപൂര്‍ കര്‍ഷക കൊലപാതക കേസ്; ആശിഷ് മിശ്രയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
രാജ്യവ്യാപകമായി ഇന്ന് കര്‍ഷക രക്തസാക്ഷി ദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ഷകര്‍ക്ക് സ്മരണാഞ്ജലിയായി രാത്രിയില്‍ അഞ്ച് മെഴുകുതിരികള്‍ കത്തിക്കാന്‍ അഖിലേന്ത്യാ കിസാന്‍ സഭയും ആഹ്വാനം ചെയ്തു. ഇ.ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് സംഘം മരിച്ച കര്ഷകന് ലവ് പ്രീത് സിംഗിന്റെയും, മാധ്യമപ്രവര്ത്തകന് രമണ്‍ കശ്യപിന്റെയും ബന്ധുക്കളെ സന്ദര്‍ശിച്ചു.
ലഖിംപൂര്‍ കര്‍ഷക കൊലപാതക കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ലഖിംപൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചായിരുന്നു നടപടി. വിശദമായി ചോദ്യംചെയ്യാനും തെളിവ് ശേഖരിക്കാനും കസ്റ്റഡി അനിവാര്യമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആശിഷ് മിശ്രയെ കസ്റ്റഡിയില്‍ പീഡിപ്പിക്കാനുള്ള ശ്രമമെന്ന വാദം കോടതി തള്ളി.
ആശിഷ് മിശ്രയെ ഒരാഴ്ചയെങ്കിലും കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ചോദ്യം ചെയ്യലുമായി ആശിഷ് മിശ്ര സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ആശിഷ് മിശ്രയെ കോടതിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. 11 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍കൂടിയായ ആശിഷിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം ഉള്‍പ്പെടെ എട്ട് വകുപ്പുകള്‍ ചേര്‍ത്താണ് ആശിഷ് മിശ്രക്കെതിരെ കേസെടുത്തിരുന്നത്.

