KSDLIVENEWS

Real news for everyone

രണ്ടാം ദിവസം 16 മണിക്കൂറോളം ചോദ്യം ചെയ്യല്‍ ; ഷാജിയെ ഇ.ഡി വിട്ടയച്ചത് രാത്രി രണ്ട് മണിക്ക്

SHARE THIS ON

കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി നടന്ന മാരത്തൺ ചോദ്യം ചെയ്യലിലും ഷാജിയുടെ മറുപടിയിൽ തൃപ്തനാവാതെ ഇഡി. ബുധനാഴ്ച രാവിലെ നടന്ന രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ അവസാനിച്ചത് രാത്രി 1.45 വരെ. ചോദ്യം ചെയ്യൽ തുടരും.എല്ലാത്തിനും കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും പൂർണ ആത്മവിശ്വാസത്തിലാണെന്നും കെ.എം.ഷാജി മാധ്യമങ്ങളോട് പറഞ്ഞു. പത്ത് ദിവസത്തിനകം വീണ്ടും ചില രേഖകളുമായി ഹാജരാകണം. എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞതായും ഷാജി പറഞ്ഞു.കൃത്യമായി തയ്യാറാക്കിയ ചോദ്യാവലിയിലൂടെയാണ് എം.എൽ.എ യെ ഇഡി ചോദ്യം ചെയ്തത്. ആഡംബര വീട് നിർമാണത്തിന്റെ വിവരങ്ങൾക്ക് പുറമെ പാസ്പോർട് വിവരങ്ങളും വിദേശ യാത്രാ വിവരവും ഇഡി ചോദിച്ചറിഞ്ഞു. അഴീക്കോട് സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി കോഴ വാങ്ങിയെന്ന പരാതിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെ.എം ഷാജിയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനും മൊഴിയെടുക്കലുമായും ബന്ധപ്പെട്ട് നിരവധി പേർക്ക് നേരത്തെ തന്നെ ഇ.ഡി നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എം ഷാജിയുടെ ഭാര്യ കെ.എം ആശയെയും ലീഗ് നേതാവ് ഇസ്മായിലിനേയും മൊഴിയെടുക്കാനായി വിളിപ്പിച്ചിരുന്നു.2014 ൽ അഴീക്കോട് സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനായിരുന്നു പരാതിക്കാരൻ. പണം കൈമാറിയതായി പറയുന്നവരും ചർച്ചകളിൽ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. പണത്തിന്റെ ഉറവിടം കൈമാറിയ രീതി ചെലവഴിച്ച വഴികൾ തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുന്നുണ്ട്. പരാതിക്കാരുടേയും കെ.എം ഷാജിയുടേയും ഇടാപാടുകൾ സംബന്ധിച്ച വിവരം ഇഡി ശേഖരിച്ചിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി കെ.എം ഷാജിയുടെ കോഴിക്കോട്ടേയും, കണ്ണൂരിലേയും വീട് ഇഡിയുടെ നിർദേശ പ്രകാരം കോർപ്പറേഷൻ അളന്നിരുന്നു. ഇത് അനധികൃതമാണെന്ന് കണ്ടെത്തുകയും കോർപ്പറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. ഇതും ഇ.ഡി ചോദിച്ചറിഞ്ഞിട്ടുണ്ട്. 1,62,60,000 രൂപ വീടിന് മൂല്യമുണ്ടെന്നാണ് കോർപ്പറേഷൻ കണ്ടെത്തിയിരിക്കുന്നത്. ഇഡിയുടെ അന്വേഷണം നടക്കുന്നതിനിടെ കോഴിക്കോട് വിജിലൻസ് കോടതിയും കെ.എം ഷാജിക്കെതിരേ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകനും നിയമജ്ഞനുമായ അഡ്വ. എ.ആർ ഹരീഷിന്റെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!