ശമനമില്ലാതെ കോവിഡ് വ്യാപനം; രാജ്യത്ത് പുതുതായി 1,61,736 രോഗികള്‍ കൂടി, 879 മരണം

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1.61 ലക്ഷം(1,61,736) പുതിയ കോവിഡ് കേസുകൾ . 879 പേരാണ് കോവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം 1.71 ലക്ഷം(1,71,058) കടന്നു. ഇതുവരെ 1.36 കോടി(1,36,89,453) കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1.22 കോടി(1,22,53,697) പേർ ഇതിനകം രോഗമുക്തരായി. രാജ്യത്ത് 10 കോടി പേർ ഇതിനോടകം വാക്സിൻ ഡോസ് സ്വീകരിച്ചിട്ടുണ്ട്. കോവിഡ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി വാക്സിനേഷൻ വേഗത്തിലാക്കാനുള്ള മഹാ വാക്സിനേഷൻ ക്യാമ്പുകൾ പല സംസ്ഥാനങ്ങളും നടപ്പിലാക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞ ദിവസം ഇന്ത്യയിൽ 1.60 ലക്ഷം കോവിഡ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ അമേരിക്കയിൽ 56,522 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബ്രസീലിൽ 40,000ത്തിനടുത്ത് മാത്രമാണ് പുതിയ കേസുകൾ. അതേസമയം പ്രതിദിന മരണനിരക്കിൽ അമേരിക്കയേക്കാളും ഇന്ത്യയേക്കാളും മുന്നിലാണ് ബ്രസീൽ. 1,738 പുതിയ കോവിഡ് മരണങ്ങളാണ് ബ്രസീലിൽ സ്ഥിരീകരിച്ചത്.

