KSDLIVENEWS

Real news for everyone

പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാവില്ലെന്ന് വിദഗ്ധര്‍; നിയമപരമായി സാധൂകരിക്കാവുന്ന നടപടിയല്ലെന്ന് വിമര്‍ശനം

SHARE THIS ON

കോഴിക്കോട്: വ്യാപകമായി അരങ്ങേറുന്ന അക്കൗണ്ട് മരവിപ്പിക്കല്‍ നടപടിക്കെതിരെ നിയമവിദഗ്ധര്‍ രംഗത്ത്. സംശയാസ്പദമായ ഇടപാടുകളെന്നാരോപിച്ച്‌ അക്കൗണ്ട് മരവിപ്പിക്കുന്ന ബാങ്ക് നടപടികളില്‍ നിയമപരമായ പ്രശ്‌നങ്ങളുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കുന്നത് നിയമപരമായി സാധൂകരിക്കാവുന്ന നടപടിയല്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്ക് മരവിപ്പിക്കലിനെതിരെ ഹൈക്കോടതിയെ സമീപ്പിച്ചവര്‍ക്ക് അനുകൂല വിധി കിട്ടിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ടിലേക്ക് സംശയാസ്പദമായ തുക വന്നു എന്ന പരാതി ഏതെങ്കിലും സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനില്‍ നിന്ന് വന്നു എന്നു പറഞ്ഞാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കുറവാണ്. ഇങ്ങനെ പരാതിയുണ്ടെന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് നിയമവിരുദ്ധമാണ്- നിയമവൃത്തങ്ങള്‍ പറയുന്നു. എഫ് ഐ ആര്‍ രജസ്റ്റര്‍ ചെയ്ത കേസുകളില്‍ പോലും അക്കൗണ്ട് മരവിപ്പിക്കുന്നതും മാറ്റുന്നതും കോടതിയുടെ അറിവോടെയായിരിക്കണമെന്നാണ്. ഇപ്പോള്‍ ഉയരുന്ന പല പരാതികളിലും ഇവയൊന്നും പാലിക്കപ്പെടുന്നില്ല. പൊലിസ് ഉദ്യോഗസ്ഥര്‍ തന്നെ പണം കൈപ്പറ്റി അക്കൗണ്ട് മരവിപ്പിക്കല്‍ മാറ്റുന്ന സംഭവം വരെയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലിനെതിരെ 2022 സെപ്റ്റംബറില്‍ മലപ്പുറം സ്വദേശി ഹൈക്കോടതിയെ സമീപ്പിച്ചിരുന്നു. കേസ് പരിഗണിക്കുന്നതിനിടെ അക്കൗണ്ട് മരവിപ്പിക്കല്‍ മാറ്റിക്കൊടുത്താണ് എസ്.ബി.ഐ നിയമനടപടിയില്‍ നിന്ന് ഒഴിഞ്ഞുമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!