KSDLIVENEWS

Real news for everyone

മോളെ കൊന്നിട്ടേ അങ്ങോട്ട് അയയ്ക്കൂ’, സജ്ജാദ് ഭീഷണിപ്പെടുത്തി; ഷഹനയുടെ ഉമ്മ ഉമൈബ

SHARE THIS ON

കോഴിക്കോട്∙ പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹന (20) മരിച്ച വിവരം അറിഞ്ഞ് അയൽവാസികള്‍ എത്തുമ്പോള്‍ ഭര്‍ത്താവ് സജ്ജാദിന്റെ മടിയില്‍ കിടക്കുന്ന നിലയിലായിരുന്നു ഷഹാന. ഷഹാന മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചെന്നും മൃതദേഹം എടുത്ത് മടിയില്‍ കിടത്തിയതാണെന്നുമാണ് സജ്ജാദ് നാട്ടുകാരോടു പറഞ്ഞത്. ഇതാണ് ബന്ധുക്കള്‍ക്ക് സംശയത്തിനിടയാക്കിയത്. വ്യാഴാഴ്ച രാത്രി 1 മണിയോടെയാണ് നാട്ടുകാര്‍ ഷഹനയുടെ മരണവിവരം മാതാപിതാക്കളെ അറിയിച്ചത്.
ഷഹനയെ പലവട്ടം സജ്ജാദ് പല രീതിയില്‍ ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ സഹോദരന്‍ പറഞ്ഞു. മുന്‍പും പല തവണ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടപെട്ടു. എന്നാല്‍ അവഗണിക്കുകയാണുണ്ടായത്. ഒരു പ്രാവശ്യം പരാതി കൊടുക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ തയാറായപ്പോള്‍ സജ്ജാദും സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടുവരികയായിരുന്നു. മരിച്ചുവെന്ന് അറിഞ്ഞ ശേഷം അളുകള്‍ എത്തുമ്പോള്‍ സജ്ജാദിന്റെ മടിയിലായിരുന്നു ഷഹന. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും സഹോദരന്‍ പറഞ്ഞു.


പിറന്നാളിനു വിരുന്നൊരുക്കി വയ്ക്കും, ഉമ്മ എല്ലാവരെയും കൂട്ടി വരണമെന്ന് മകള്‍ പറഞ്ഞിരുന്നതായി ഉമ്മ ഉമൈബ പറഞ്ഞു. മരണത്തില്‍ ദുരൂഹമുണ്ട്. ഫോണ്‍ വിളിച്ച് സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. നിന്റെ മോളെ കൊന്നിട്ടെ അങ്ങോട്ട് അയയ്ക്കൂ എന്ന് സജ്ജാദ് പറഞ്ഞുവെന്നും ഉമൈബ പറഞ്ഞു. ഭര്‍ത്താവും കുടുംബവും നിരന്തരം ദ്രോഹിച്ചിരുന്നു. തന്റെ ചികിത്സയ്ക്കായി മാറ്റിവച്ച ചെക്ക് ചോദിച്ച് ഉപദ്രവിച്ചിരുന്നതായും ഷഹാനയുടെ മാതാവ് പറഞ്ഞു. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അവള്‍ ഇക്കാര്യങ്ങളെല്ലാം പറയുകയെന്നും മാതാവ് പറഞ്ഞു.

ഷഹനയുമായി ഭര്‍ത്താവ് സജ്ജാദ് വഴക്കിട്ടിരുന്നെന്ന് എസിപി കെ.സുദര്‍ശന്‍ പറഞ്ഞു. ഷഹന സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തെച്ചൊല്ലിയായിരുന്നു വഴക്ക്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാലേ മരണകാരണം അറിയാനാകുവെന്നും എസിപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!