ഫാനിന്റെ വാറന്റി സംബന്ധിച്ച തർക്കം: പെരിയയിൽ വ്യാപാരിക്കുനേരെ ആക്രമണം; ഹർത്താൽ

പെരിയ ∙ കടയിൽനിന്നു വാങ്ങിയ ഫാനിന് വാറന്റി കാർഡില്ലാത്തതു സംബന്ധിച്ച തർക്കത്തെത്തുടർന്ന് രണ്ടംഗ സംഘം വ്യാപാരിയെയും കടയിലെ ജീവനക്കാരിയെയും ആക്രമിച്ചു. പെരിയ ടൗണിലെ വൈഎ ട്രേഡേഴ്സ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി പെരിയ യൂണിറ്റ് വൈസ് പ്രസിഡന്റുമായ പെരിയാനത്തെ യദകുമാർ കാർത്തികേയം (43), കടയിലെ ജീവനക്കാരി കുസുമം (32) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചെർക്കാപ്പാറ സ്വദേശികളായ രണ്ടു പേരെ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

കടയിൽനിന്നു വാങ്ങിയ വോൾ ഫാനിന് വാറന്റി കാർഡില്ലാത്തതിനാൽ ഫാൻ തിരികെ നൽകുകയും തുക അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തതായി യദുകുമാർ പറഞ്ഞു. എന്നാൽ കടയിലെത്തിയവർ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് യദുകുമാർ പറഞ്ഞു. തടയാൻ ചെന്ന ജീവനക്കാരിയെ ചവിട്ടിവീഴ്ത്തി. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പെരിയ യൂണിറ്റ് പെരിയയിൽ കടകളടച്ചു ഹർത്താലാരിച്ച് പ്രകടനം നടത്തി. പ്രകടനത്തിന് പ്രസിഡന്റ് കുഞ്ഞിരാമൻ ആകാശ്, സെക്രട്ടറി ഇ.നാരായണൻ എന്നിവർ നേതൃത്വം നൽകി

