സിക്ക വൈറസിനെതിരെ ജില്ലയിൽ പ്രതിരോധം ശക്തം; സ്പെഷ്യലിസ്റ്റ് ഡോക്ടർമാരടങ്ങിയ ദ്രുത കർമ സേന രൂപീകരിച്ചു.
സാരമായി ബാധിക്കുക ഗർഭിണികളെ…

കാസർകോട് ∙ സിക വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനെ തുടർന്നു ജില്ലയിലും പ്രതിരോധ നടപടികൾ ശക്തമാക്കി. സ്പെഷലിസ്റ്റ് ഡോക്ടർമാരെ ഉൾപ്പെടുത്തി ജില്ലാതല ദ്രുത കർമ സേന രൂപീകരിച്ചു. ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിക് വിഭാഗം ഡോക്ടർമാർക്കും ജീവനക്കാർക്കും ഇതുസംബന്ധിച്ച പരിശീലനം നൽകി. ഡെങ്കിപ്പനി, ചിക്കൻ ഗുനിയ എന്നിവ പരത്തുന്ന അതേ കൊതുകു തന്നെയാണ് സിക വൈറസിന്റെയും വാഹകർ. അതിനാൽ കൊതുകു സാന്ദ്രത പഠിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സിക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. വൈറസ് സാരമായി ബാധിക്കുക ഗർഭിണികളെ പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക. ഇത്തരം കൊതുകുകൾ പകൽ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക വൈറസിന്റെ ഇൻക്യുബേഷൻ കാലയളവ്. സിക വൈറസ് അണുബാധയുള്ള മിക്ക ആളുകൾക്കും രോഗലക്ഷണങ്ങൾ കാണാറില്ല. മരണങ്ങൾ അപൂർവമാണ്. ഗർഭിണികളെയാണ് ഈ വൈറസ് സാരമായി ബാധിക്കുന്നത്. ഗർഭ കാലത്തുള്ള സിക വൈറസ് ബാധ, ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗർഭ കാലത്തുള്ള സങ്കീർണതകൾക്കും ഇതു കാരണമായേക്കാം. കുട്ടികളിലും മുതിർന്നവരിലും സിക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശ്‌നങ്ങളിലെത്തിക്കും.സിക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോ ഉള്ള മരുന്ന് നിലവിൽ ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവർ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. സിക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗർഭിണികൾ പരിശോധനയും ചികിത്സയും തേടണം. ” ദ്രുതകർമ സേന അടക്കം രൂപീകരിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കി. ഗൈനക്കോളജി ഡോക്ടർമാർക്കും സ്കാനിങ് സെന്ററുകളിലും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സംശയം തോന്നുന്ന കേസുകളിൽ സാംപിൾ പരിശോധനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.” കെ.ആർ.രാജൻ, ജില്ലാ മെഡിക്കൽ ഓഫിസർ

