എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി, സ്വന്തമായി ഹെലികോപ്റ്ററുണ്ടാക്കി; പരീക്ഷണ പറക്കലിനിടെ ദാരുണാന്ത്യം

മുംബൈ: സ്വന്തമായി നിർമിച്ച ഹെലികോപ്റ്ററിന്റെ പരീക്ഷണ പറക്കലിനിടെ യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഫുൽസാവംഗി ഗ്രാമത്തിലെ 24കാരനായ ഷെയിഖ് ഇസ്മയിൽ ഷെയിഖ് ഇബ്രാഹിമാണ് അപകടത്തിൽ മരിച്ചത്. അന്തിമ പരീക്ഷണ പറക്കലിനിടെ ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് കഴുത്തിൽ തുളച്ചുകയറുകയായിരുന്നു. വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ തന്റെ സ്വപ്ന പദ്ധതിയായിരുന്ന ഹെലികോപ്റ്റർ പൊതുജനങ്ങളെ കാണിക്കാനിരിക്കെയാണ് യുവാവിന്റെ വിയോഗം.
എട്ടാം ക്ലാസിൽ പഠനം നിർത്തിയ ഇസ്മയിലിന് സഹോദരന്റെ ഗ്യാസ് വെൽഡിങ് കടയിലായിരുന്നു ജോലി. തന്റെ ഗ്രാമത്തിന് പ്രശസ്തി ലഭിക്കുന്നതായി വ്യത്യസ്തമായ എന്തെങ്കിലും നേട്ടങ്ങൾ കൈവരിക്കണമെന്ന ദൃഢനിശ്ചയമാണ് ഇസ്മയിലിനെ ഹെലികോപ്റ്റർ നിർമാണത്തിലേക്കെത്തിച്ചത്. യൂട്യൂബ് വീഡിയോകൾ കണ്ടാണ് ഹെലികോപ്റ്റർ നിർമാണം പഠിച്ചെടുത്തത്. ചെറു ഹെലികോപ്റ്ററിന്റെ വിവിധ പാർട്സുകൾ തരപ്പെടുത്തി നിർമാണം പൂർത്തിയാക്കാൻ ഏകദേശം രണ്ട് വർഷത്തോളമെടുത്തു.
സ്റ്റീൽ പെപ്പുകൾ വെൽഡ് ചെയ്താണ് ഹെലികോപ്റ്ററിന്റെ ബോഡി നിർമിച്ചത്. കരുത്തേകാൻ മാരുതി 800 കാറിന്റെ എൻജിനും ഘടിപ്പിച്ചു. സിംഗിൾ സീറ്റർ ഹെലികോപ്റ്ററിന് സ്വന്തം വിളിപ്പേരായ ‘മുന്ന ഹെലികോപ്റ്റർ’ എന്നാണ് ഇസ്മയിൽ പേര് നൽകിയത്. വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ കന്നി പറക്കലിന് മുന്നോടിയായുള്ള അന്തിമ പരീക്ഷണപറക്കലിനിടെ ചൊവ്വാഴ്ചയാണ് ഗ്രാമത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ അപകടമുണ്ടായത്.
എൻജിൻ ഓൺ ചെയ്ത് പറക്കാൻ ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്ററിന്റെ പിൻവശത്തെ ചെറിയ റോട്ടർ ബ്ലേഡ് പൊട്ടി മുകളിലുള്ള വലിയ റോട്ടർ ബ്ലോഡിൽ പതിച്ചു. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നതിന് മുമ്പേ ഈ ബ്ലേഡുകളിൽ ഒന്ന് ഡ്രൈവർ സീറ്റിലിരുന്ന ഇസ്മയിലിന്റെ കഴുത്തിൽ തുളച്ചുകയറുയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബോളിവുഡ് സിനിമയായ ത്രീ ഇഡിയറ്റ്സിലെ റാഞ്ചോ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇസ്മയിൽ ഹെലികോപ്റ്റർ നിർമിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. ഇതിനുമുമ്പ് പരീക്ഷണ പറക്കൽ നടത്തിയപ്പോഴെല്ലാം ഇസ്മയിൽ ഹെൽമറ്റ് ധരിച്ചിരുന്നു. എന്നാൽ അപകടം നടന്ന അന്നുമാത്രമാണ് ഹെൽമറ്റ് ധരിക്കാതെ ഹെലികോപ്റ്ററിൽ കയറിയതെന്നും സൂഹൃത്തുക്കൾ പറഞ്ഞു.

