ജപ്പാന്‍തീരത്ത് ചരക്കുകപ്പല്‍ രണ്ടായി പിളര്‍ന്നു; എണ്ണ ചോര്‍ന്ന് കടലില്‍ പരന്നു

ടോക്യോ: ജപ്പാൻ തീരത്ത് ചരക്കുകപ്പൽ മണൽത്തിട്ടയിൽ ഇടിച്ച് രണ്ടായി പിളർന്നു. പനാമയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിംസൺ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തിൽപ്പെട്ടതെന്നും ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ജപ്പാൻ കോസ്റ്റ്ഗാർഡ് അധികൃതർ അറിയിച്ചു.

ജപ്പാന്റെ വടക്കൻതീരത്തെ ഹച്ചിനോഹെ തുറമുഖത്ത് തീരത്തെ മണൽത്തിട്ടയിലിടിച്ച് ബുധനാഴ്ചയാണ് അപകടം. കപ്പലിൽനിന്നു ചോർന്ന എണ്ണ, കടലിൽ 24 കിലോമീറ്റർ ദൂരത്തേക്ക് പരന്നത് മേഖലയിൽ പാരിസ്ഥിതിക പ്രശ്നമുയർത്തിയിട്ടുണ്ട്. എണ്ണ ചോരുന്നത് നിയന്ത്രിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. എത്രത്തോളം എണ്ണ ചോർന്നുവെന്ന കാര്യം വ്യക്തമായിട്ടില്ല.

പിളർന്നതിനു പിന്നാലെ കപ്പലിന്റെ പിൻഭാഗം മേൽപ്പോട്ട് പൊങ്ങിനിൽക്കുന്നതായും ബാക്കിയുള്ളഭാഗം ചെരിഞ്ഞുകിടക്കുന്നതും ആകാശചിത്രങ്ങളിൽ കാണാം. ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ള 21 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തി. കപ്പൽ പിളർന്നതിനു പിന്നാലെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മൂന്ന് പട്രോൾ ബോട്ടുകളും മൂന്ന് എയർക്രാഫ്റ്റുകളും പ്രദേശത്ത് എത്തിയിരുന്നു.

