മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിന് ജാമ്യം; മാസങ്ങള്‍ക്കുശേഷം ഡല്‍ഹി മുഖ്യമന്ത്രി പുറത്തേക്ക്

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അഞ്ചുമാസമായി ജയിലില്‍ കഴിയുന്ന കെജ്രിവാളിന്റെ അപേക്ഷയില്‍ വിധി പറഞ്ഞത്. ജാമ്യത്തിനായി ആദ്യം വിചാരണക്കോടതിയെ സമീപിക്കാത്ത കെജ്രിവാളിന്റെ നടപടിയെ സി.ബി.ഐ. എതിര്‍ത്തിരുന്നു.
അതേസമയം, വീണ്ടും വിചാരണക്കോടതിയിലേക്കു വിട്ടാല്‍ അത് പാമ്പും കോണിയും കളി പോലെയാകുമെന്ന് കെജ്രിവാള് വാദിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 12 നാണ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഇ.ഡി.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ അഴിമതി നിരോധന നിയമപ്രകാരം സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ കെജ്രിവാള് തിഹാര്‍ ജയിലില്‍ തന്നെ തുടരുകയായിരുന്നു.
2021-22 കാലത്ത് നടന്ന മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21- നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇ.ഡി. കസ്റ്റഡിയിൽ ഇരിക്കെ ജൂണ്‍ 26-ന് സിബിഐ അറസ്റ്റ് ചെയ്തു.
കേസിൽ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് 17 മാസത്തിന് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത്. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത മദ്യനയ കേസുകളില്‍ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സിസോദിയയ്ക്ക് കോടതി ജാമ്യം നല്‍കിയത്.

