പ്രതിസന്ധി നീങ്ങിയെന്ന് കേന്ദ്രം; കല്‍ക്കരി വിതരണത്തിന് റെയില്‍വെയുടെ സഹായംതേടി

ന്യൂഡൽഹി: കൽക്കരി ക്ഷാമവുമായി ബന്ധപ്പെട്ട ഏറ്റവും മോശം സാഹചര്യം രാജ്യം തരണംചെയ്തുവെന്ന് കേന്ദ്ര സർക്കാർ. കൽക്കരി ലഭ്യമല്ലാത്തതിനാൽ വൈദ്യുതി ഉദ്പാദനം തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞുവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ദിവസങ്ങൾക്കകം കൽക്കരി വിതരണം പ്രതിദിനം 20 ലക്ഷം ടൺ ആയി വർധിപ്പിക്കും. വൈദ്യുതി നിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി എത്തിക്കാൻ റെയിൽവെയോട് കൂടുതൽ വാഗണുകൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ നാല് ദിവസമായി കൽക്കരി ശേഖരം വർധിച്ചുവരികയാണ്. വിതരണം വേഗത്തിലാക്കുന്നതോടെ ഒരു മാസത്തിനകം സ്ഥിതിഗതികൾ സാധാരണ നിലയിൽ എത്തുമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. കൽക്കരി-ഊർജ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ സ്ഥിതിഗതികളെപ്പറ്റി വിവരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകിയ കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാർ കൽക്കരി ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും വിവരിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തെ ആശങ്ക അറിയിച്ചതിന് പിന്നാലെ ആയിരുന്നു ഇത്.
താപനിലയങ്ങളിൽ കൽക്കരി എത്തിക്കാൻ റെയിൽവെ 350 റേക്കുകൾ അധികമായി ഏർപ്പെടുത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. അതിനിടെ രാജ്യതലസ്ഥാനം കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന ഡൽഹി സർക്കാരിന്റെ വാദം കേന്ദ്രം തള്ളി. കണക്കുകൾ നിരത്തിയാണ് കേന്ദ്ര സർക്കാർ പ്രതിരോധം തീർത്തത്. നിലയങ്ങൾ ആവശ്യപ്പെടുന്ന അളവിൽ കൽക്കരി ലഭ്യമാക്കാൻ കോൾ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്രം അവകാശപ്പെട്ടു.
ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില അടുത്തിടയായി മൂന്ന് തവണയാണ് വർധിച്ചത്. ഇത് ഇറക്കുമതിയെ ബാധിച്ചു. കൽക്കരിയുടെ ഇറക്കുമതി 12 ശതമാനത്തോളമാണ് കുറഞ്ഞത്. ഇതോടെ ഇറക്കുമതിയെ മുഖ്യമായും ആശ്രയിച്ചിരുന്ന നിലയങ്ങൾ പ്രതിസന്ധിയിലായി. ഖനികളിൽനിന്ന് കൽക്കരി സംഭരിക്കാൻ അടുത്തിടെ വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നതാണെന്ന് കേന്ദ്രം പറയുന്നു. കോൾ ഇന്ത്യയ്ക്ക് നൽകാനുള്ള 19,000 കോടിയോളം രൂപ ഉടൻ നൽകണമെന്നും വിവിധ സംസ്ഥാനങ്ങളോട് അഭ്യർഥിച്ചിരുന്നു. മഹാരാഷ്ട്ര (26,000 കോടി), തമിഴ്നാട് (1,100 കോടി), മധ്യപ്രദേശ് (1,000 കോടി) എന്നിങ്ങനെയാണ് കോൾ ഇന്ത്യയ്ക്ക് നൽകാനുള്ളതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

